വടകരയിൽ സ്ഥാനാർഥികൾ തമ്മിൽ കൊമ്പുകോർക്കൽ
text_fieldsവടകര: വടകര ലോക്സഭ മണ്ഡലത്തിൽ മത്സരം പൊടിപാറുമ്പോൾ സ്ഥാനാർഥികളുടെ കൊമ്പുകോർക്കൽ. യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുമാണ് ആരോപണ പ്രത്യാരോപണങ്ങളുടെ പോർമുഖം തുറന്നിരിക്കുന്നത്.
വടകരയിലെ സ്ത്രീകളെ സംബന്ധിച്ച് സി.പി.എം നേതാവ് പി. ജയരാജന് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ ചോദിക്കുന്നത്. ഉത്തരവാദപ്പെട്ട നേതാവിന്റെ സ്വന്തം അക്കൗണ്ടിലെ ഫേസ്ബുക്ക് പോസ്റ്റാണ്.
എന്നിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് വിഷയത്തില്‍ പ്രതികരിക്കാത്തത്. വടകരയിലെ സ്ത്രീകളെ വെണ്ണപ്പാളികള്‍ എന്നാണ് പി. ജയരാജന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചതെന്ന് ഷാഫി ചൂണ്ടിക്കാട്ടി.
പിന്നാലെ ഷാഫിക്കെതിരെ ഗുരുതര ആരോപണവുമായാണ് ശൈലജ രംഗത്തിറങ്ങിയത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സൈബർ ആക്രമണം അഴിച്ചുവിടുകയാണെന്നാരോപിച്ച് ഷാഫിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ചെയ്തു.
കുടുംബ പേജുകളിലടക്കം മോർഫ് ചെയ്ത പടങ്ങൾ പ്രചരിപ്പിക്കുമ്പോൾ യു.ഡിഎഫ് സ്ഥാനാർഥി താൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ്. ഇത്തരം വാർത്ത കൊടുക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ സ്ഥാനാർഥി തയാറാവുന്നില്ലെന്നും ശൈലജ പറയുന്നു.
പോര് മുറുകുന്നതിനിടെ പ്രകോപനപരമായ ആരോപണങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രതയുടെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഭിന്നശേഷിക്കാരും വീടുകളിൽനിന്നും ചെയ്യുന്ന വോട്ടുകൾ തുണിസഞ്ചിയിൽ സൂക്ഷിക്കുന്നതിന് പകരം സീൽ ചെയ്ത ലോഹപ്പെട്ടിയിൽ ശേഖരിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സി.പി.എം പദ്ധതിയിട്ടിട്ടുണ്ടെന്ന ആരോപണവും ഷാഫി പറമ്പിൽ ഉയർത്തിയിട്ടുണ്ട്.
സ്വീകരണ പരിപാടിക്കിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ ഷാഫി പറമ്പിലിന്റെ സ്വീകരണ പരിപാടിക്കിടെ ലീഗ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച സ്വീകരണം ഒരുക്കിയിരുന്നു. എന്നാൽ, ചാർട്ട് ചെയ്ത പരിപാടിയിൽനിന്ന് ചില ലീഗ് കേന്ദ്രങ്ങളെ ഒഴിവാക്കിയതാണ് ലീഗ് അണികളെ ചൊടിപ്പിച്ചത്.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും സ്വീകരണ കേന്ദ്രങ്ങൾ ഒഴിവാക്കി മറ്റ് സ്ഥലങ്ങളിലേക്ക് സ്ഥാനാർഥി പോയതോടെ ചെക്യാട് ബാങ്ക് ഏരിയയിൽ വെച്ച് ലീഗ്-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ആരംഭിക്കുകയായിരുന്നു. കോൺഗ്രസിന്റെ കേന്ദ്രങ്ങളിലേക്ക് മാത്രം സ്ഥാനാർഥിയെ എത്തിക്കാൻ ഒരു വിഭാഗം ശ്രമിച്ചതായി ലീഗ് പ്രവർത്തകർ ആരോപിക്കുന്നു. സ്ഥാനാർഥിയും യു.ഡി.എഫ് നേതാക്കളും ചേർന്ന് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഏറെനേരം ബഹളം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.