വിഭാഗീയതയുടെ കനലെരിയുന്നു; വടകര ഏരിയ സമ്മേളനത്തിൽ രണ്ടു പ്രമുഖർ പുറത്ത്
text_fieldsവടകര: സി.പി.എമ്മിൽ വിഭാഗീയതയുടെ കനലെരിയുന്നുവെന്ന സൂചന നൽകി വടകര ഏരിയ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ നേതാക്കൾ പുറത്ത്. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടി.കെ. അഷ്റഫ്, വടകര നഗരസഭ ചെയർപേഴ്സൻ പി.കെ. സതീശൻ ഉൾപ്പെടെയുള്ള ഏഴു പേരെ ഒഴിവാക്കിയാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കുഞ്ഞമ്മദ് കുട്ടിക്ക് അനുകൂല സമീപനം സ്വീകരിച്ചതും കെ.കെ. ലതികയുടെ തോൽവിയും ഔദ്യോഗിക പക്ഷത്തുണ്ടാക്കിയ അപ്രീതിയാണ് ടി.കെ. അഷ്റഫിെൻറ സ്ഥാനം തെറിച്ചതെന്നാണ് വിലയിരുത്തൽ.
വടകര നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന പുറത്തായ പി.കെ. സതീശൻ ദീർഘകാലം കെ.എസ്.ടി.എയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഇരുവരെയും അപ്രതീക്ഷിതമായി ഒഴിവാക്കിയതിൽ അണികളിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. എസ്. എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും രാഷ്ട്രീയ രംഗത്ത് എത്തിയ ടി.കെ. അഷറഫ് ഏരിയ കമ്മിറ്റിയിലെ ഏക ന്യൂനപക്ഷ അംഗം കൂടിയായിരുന്നു.കർഷക സംഘം ഏരിയ പ്രസിഡൻറ് ആയി പ്രവർത്തിച്ച് വരുന്നതിനിടെ അപ്രതീക്ഷിതമായി നേരത്തേ സ്ഥാനത്തുനിന്ന് ഒഴിവായിരുന്നു.
ചിരണ്ടത്തൂർ മേഖലയിൽ സി.പി.എമ്മിെൻറ വളർച്ചയിൽ ഇദ്ദേഹത്തിെൻറ പങ്കു വിലപ്പെട്ടതായിരുന്നു. തിരുവള്ളൂർ പഞ്ചായത്ത് അംഗം ടി.വി. സഫീറയാണ് പുതിയ ന്യൂനപക്ഷ പ്രതിനിധി. പുറത്തായ മറ്റുള്ളവർ പ്രായാധിക്യവും പ്രവർത്തന രംഗത്ത് സജീവതയില്ലായ്മയും പരിഗണിച്ച് മാറ്റിനിർത്തിയവരാണ്. ജില്ല കമ്മിറ്റി അംഗം പി.കെ. ദിവാകരൻ മാസ്റ്ററെയും ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ച് വരുന്നതിനാലാണ് മാറ്റിയെതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വർഷത്തെ ഡി. വൈ.എഫ്.ഐ, എസ്.എഫ്.ഐ വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്.
ദേശീയപാത വികസനം വേഗത്തിലാക്കണം –സി.പി.എം
വടകര: ദേശീയപാത വികസനം വേഗത്തിലാക്കണമെന്ന് സി.പി.എം വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വികസനത്തിെൻറ ഭാഗമായി വടകര നഗരത്തിൽ വരുന്ന ഭാഗം മുഴുവനായും കോൺക്രീറ്റ് പില്ലറുകളും ഗർഡറുകളും ഉപയോഗിച്ചുള്ള വയാഡക്ട് അവലംബിച്ചുകൊണ്ടുള്ള നിർമാണം വേണമെന്നും പ്രമേയത്തിൽ പറഞ്ഞു. അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെയുള്ള ദുഷ്പ്രചാരണം അവസാനിപ്പിക്കുക, വടകരയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് ആരംഭിക്കുക, കടൽതീരങ്ങളും പുഴയോരങ്ങളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
പൊതുചർച്ചക്കും ഗ്രൂപ് ചർച്ചക്കും ജില്ല സെക്രട്ടറി പി. മോഹനൻ, ജില്ല സെക്രേട്ടറിയറ്റംഗം സി. ഭാസ്കരൻ, ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ എന്നിവർ മറുപടി പറഞ്ഞു. ആർ. ബാലറാം, എൻ.കെ. അഖിലേഷ്, കെ.സി. പവിത്രൻ, വേണു കക്കട്ടിൽ, ബി. സുരേഷ് ബാബു എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എം.സി. പ്രേമചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ സി. ഭാസ്കരൻ, വി.പി. കുഞ്ഞികൃഷ്ണൻ, പി. വിശ്വൻ, കെ. കുഞ്ഞമ്മദ്, ജില്ല കമ്മിറ്റി അംഗങ്ങളായ ടി.കെ. കുഞ്ഞിരാമൻ, കെ. ശ്രീധരൻ, പി.കെ. ദിവാകരൻ, കെ.കെ. ലതിക, കെ.കെ. ദിനേശൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.ടി. കുഞ്ഞിക്കണ്ണൻ, ടി.പി. ബിനീഷ് എന്നിവർ സംസാരിച്ചു. സി.പി.എം വടകര ഏരിയ സെക്രട്ടറിയായി ടി.പി. ഗോപാലനെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.