അഴിത്തല കടവിൽ പാലം നിർമാണം; പൊതുമരാമത്ത് വകുപ്പ് അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു
text_fieldsവടകര: നഗരസഭയിലെ അഴിത്തല കടവിൽ പാലം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അന്വേഷണ റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിച്ചു. പതിറ്റാണ്ടുകളായി യാത്രാക്ലേശത്തിൽ ബുദ്ധിമുട്ടുന്ന പ്രദേശത്തുകാർക്ക് നടപടി ആശ്വാസമായിട്ടുണ്ട്. അഴിത്തല വാർഡും തുരുത്തിയിൽ കയിൽ വാർഡുകളുമായി ബന്ധിപ്പിക്കുന്ന അഴിത്തല കടവ് പാലം നിർമാണത്തിന് പത്ത് കോടി രൂപയാണ് കണക്കാക്കുന്നത്. അപ്രോച്ച്റോഡിനും ഭൂമി ഏറ്റെടുക്കുന്നതിനും തുക വകയിരുത്തേണ്ടതുണ്ട്.
അഴിത്തല കടവിൽ പാലം നിർമിക്കുന്നതിന് അഴിത്തല വാർഡ് കൗൺസിലർ പി.വി. ഹാഷിം മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച് നിയമസഭ ഉപസമിതിക്കുമുമ്പാകെ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനീയർ നിയമസഭ അണ്ടർ സെക്രട്ടറിക്ക് നൽകിയ മറുപടി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴിത്തല കടവിൽ നിലവിൽ നഗരസഭ കടത്തുതോണി സർവിസാണുള്ളത്.
കടത്തുതോണിക്ക് മാസം 31,000 രൂപയിലധികമാണ് നഗരസഭ പദ്ധതി വിഹിതത്തിൽ നിന്നും ചെലവഴിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ കടത്തുതോണി സേവനം നിലച്ചിരിക്കുകയാണ്. നഗരസഭ ഓഡിറ്റ് വിഭാഗം നിയമലംഘനം കണ്ടെത്തിയതുപ്രകാരവും താനൂർ ബോട്ടപകടത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു കടത്തുതോണി സേവനം നിർത്തിയത്.
നഗരസഭയിലെ കയിൽ വാർഡ് തുരുത്തിയിൽ വാർഡ് അഴിത്തല പുറങ്കര വാർഡുകളുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് നഗരസഭ അഴിത്തല കടവ്. കയിൽ വാർഡിലെ 75 കുടുംബങ്ങളും തുരുത്തി വാർഡിലെ 110ലേറെ കുടുംബങ്ങളും കോട്ടക്കടവ് റെയിൽവേ ഗേറ്റ് വഴി 6.50 കിലോമീറ്റർ ചുറ്റിയാണ് വടകര ടൗണിലേക്ക് എത്തിച്ചേരുന്നത്. റെയിൽവേ ഗേറ്റ് അടച്ചിടുന്നതും ഗതാഗതക്കുരുക്കും കാരണം യാത്രാദുരിതത്തിലാണ് പ്രദേശത്തുകാർ.
വടകരയിൽ നിന്നും അഴിത്തല ഭാഗത്തുള്ളവർക്കും കൊയിലാണ്ടി ഭാഗത്തേക്കുള്ള യാത്രക്കാർക്കും പാലം വരുന്നതോടെ യാത്രാദൂരം കുറയും. സാന്റ്ബാങ്ക്സ് ടൂറിസം കേന്ദ്രം, വടകര നഗരസഭ അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ, വടകര തീരദേശ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് പാലം വരുന്നതുവഴി ദൂരം കുറയും.
തീരദേശ ഹൈവേയായി വടകര ഒന്തം ഓവർബ്രിഡ്ജ്-സാന്റ്ബാങ്ക്സ് റോഡ് മാറുന്നതോടെ നാല് വാർഡിലെയും ജനങ്ങൾക്ക് കൊയിലാണ്ടി, തലശ്ശേരി ഭാഗത്തേക്കുള്ള യാത്രാദൂരത്തിന് 10 കിലോമീറ്ററിലേറെ വ്യത്യാസം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് തയാറാക്കി നൽകിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.