മാഹി ബൈപാസ് നിർമാണം; കാരോത്ത് ഗേറ്റിൽ യാത്രാദുരിതം
text_fieldsവടകര: മാഹി ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കാരോത്ത് ഗേറ്റിൽ റെയിൽവേ മേൽപാലം പണിനടക്കുന്നതിനാൽ യാത്രാക്ലേശത്തിൽ പൊറുതിമുട്ടി നാട്ടുകാർ. കാരോത്ത് ഗേറ്റ് കടന്ന് കല്ലറോത്ത്, കോട്ടാമല കുന്ന് ഭാഗത്തേക്കും തിരിച്ച് അഴിയൂർ ചുങ്കം റോഡ് മാഹി എന്നിവിടങ്ങളിലേക്കുമുള്ള റോഡാണ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചത്. 60 ദിവസത്തേക്കാണ് റോഡ് അടച്ചത്.
റോഡ് അടച്ചതോടെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പ്രദേശവാസികൾ ഇരു സ്ഥലങ്ങളിലും എത്തുന്നത്. ആശുപത്രി, മാർക്കറ്റ് തുടങ്ങി ദേശീയപാതയോട് ചേർന്നുനിൽക്കുന്ന ഭാഗങ്ങളിലേക്ക് എത്തേണ്ടവരാണ് ഏറെ വലയുന്നത്.
ബൈപാസ് നിർമാണം അന്ത്യഘട്ടത്തിലെത്തിയിട്ടും റെയിൽവേ മേൽപാലം പണിക്കുള്ള അനുമതി വൈകിയതിനാൽ പ്രവൃത്തി നീണ്ടു പോകുകയായിരുന്നു.
മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ എത്തിത്തുടങ്ങിയതോടെയാണ് റോഡ് അടച്ചത്. മേൽപാലം നിർമാണത്തിന്റെ ഭാഗമായി 52 തൂണുകളുടെയും ബീമുകളുടെയും നിർമാണം നേരത്തെ പൂർത്തിയായിരുന്നു. നിലവിൽ കാൽനടക്കാർ ഇതുവഴി സഞ്ചരിക്കുന്നുണ്ടെങ്കിലും പ്രവൃത്തി പൂർണതോതിലാവുന്നതോടെ ഇതും നിലക്കും.
60 ദിവസത്തേക്കാണ് റോഡ് അടച്ചുപൂട്ടിയതെങ്കിലും പ്രവൃത്തി നീണ്ടുപോകാൻ സാധ്യതയേറെയാണ്.
ഇടവേളകളിൽ യാത്രക്കനുമതി നൽകിയാൽ നാട്ടുകാർക്ക് ആശ്വാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.