തുരുത്തിമുക്ക് പാലം നിർമാണത്തിന് നടപടി തുടങ്ങി
text_fieldsപൊതുമരാമത്ത് പാലം വിഭാഗം 4.4 ലക്ഷം ചെലവഴിച്ചാണ് പാലം നിർമാണത്തിന്റെ അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കിയത്. പാലത്തിന്റെ ഡിസൈനിങ് തയാറാക്കുന്നതിന് ഇതുസംബന്ധിച്ച് പഠനറിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരത്തെ ഡിസൈനിങ് വിഭാഗത്തിൽ സമർപ്പിച്ചിട്ടുണ്ട്.
ഡിസൈൻ പൂർത്തിയായശേഷം വിശദമായ എസ്റ്റിമേറ്റ് തയാറാക്കുകയും ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ കൈക്കൊള്ളുകയും വേണം. കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാവുന്നതോടെ ഇരു ജില്ലകളിലേക്കും ചുറ്റിക്കറങ്ങിയുള്ള യാത്ര ഒഴിവാകുകയും യാത്രാക്ലേശത്തിന് അറുതിയാവുകയും ചെയ്യും.
നിലവിൽ പ്രദേശവാസികളുടെ ആശ്രയം കടത്തുതോണിയാണ്. പാലം നിർമാണം പൂർത്തിയായാൽ ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യത കൈവരും. നടുതുരുത്തി, ഏറാമലകോട്ട, മാഹി-വളപട്ടണം ജലഗതാഗതപാത, ഇതോടനുബന്ധിച്ചുവരുന്ന ബോട്ടുജെട്ടി, കരിയാട്, കിടഞ്ഞി ഭാഗങ്ങളിലെത്തുന്ന തീരദേശ ഹൈവേ എന്നിവ വടകര മണ്ഡലത്തിൽ ടൂറിസംസാധ്യതകൾ തുറക്കും.
ഏറാമല തുരുത്തിമുക്കിനെക്കൂടി ബന്ധിപ്പിച്ച് പാലം വരുന്നതോടെ വലിയ ടൂറിസം സാധ്യതകളാണ് ഇവിടെ തുറക്കുന്നത്. ഇതുകൂടി മുന്നിൽകണ്ടുവേണം പാലം രൂപകൽപന ചെയ്യപ്പെടേണ്ടതെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. പാലം നിർമാണത്തിന്റെ ആവശ്യകത പൊതുമരാമത്ത് മന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഈ സാമ്പത്തിക വർഷത്തെ ബജറ്റ് പ്രപ്പോസലിൽ മണ്ഡലത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായി ഇത് നിർദേശിക്കുകയും ബജറ്റിൽ പാലത്തിനായി ടോക്കൺ തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. പുഴയോരവാസികളുടെ ചിരകാല സ്വപ്നമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ സാധ്യമാകാൻ പോകുന്നത്. ഒരു പാലം എന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘Y’ മോഡൽ പാലം എന്ന പ്രപ്പോസൽ നേരത്തേതന്നെ സർക്കാറിനു മുന്നിൽ സമർപ്പിച്ചിരുന്നു. പലകാരണങ്ങളാൽ ഇത് നിലച്ചുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.