കടലോരത്ത് ആധിയുടെ നാളുകൾ; കടൽഭിത്തി നിർമാണം കടലാസിൽ
text_fieldsവടകര: കടൽഭിത്തി നിർമാണം കടലാസിലൊതുങ്ങുമ്പോൾ കടലോര ജനതക്ക് വരാനിരിക്കുന്നത് ആധിയുടെ നാളുകൾ. വടകര നഗരസഭയിലെ കടലോര മേഖലയിൽ മിക്കയിടങ്ങളിലും കടൽഭിത്തി നിർമാണം എങ്ങുമെത്താത്ത സ്ഥിതിയാണ്. കാലവർഷം പടിവാതിലിൽ എത്തിനിൽക്കുമ്പോൾ കടലോര ജനതയുടെ നെഞ്ചിടിപ്പേറുകയാണ്.
അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, മുകച്ചേരി, കുരിയാടി തുടങ്ങിയ സ്ഥലങ്ങളിൽ പലയിടത്തും കടൽഭിത്തി തകർന്നുകിടക്കുകയാണ്. മുകച്ചേരി ഭാഗത്ത് 1.54 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രവൃത്തി എപ്പോൾ നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. പുറങ്കര വാർഡിന്റെ അതിർത്തിയോടുചേർന്ന് 300 മീറ്ററോളം കടൽ ഭിത്തി തകർന്നിട്ടുണ്ട്.
സാൻഡ് ബാങ്ക്സ് പുലിമുട്ട് തകർന്നിട്ട് വർഷങ്ങളായി. കോട്ടക്കൽ, സാൻഡ് ബാങ്ക്സ് തീര സംരക്ഷണത്തിന്റെ ഭാഗമായി പുലിമുട്ട് നിർമാണത്തിനും അഴിത്തല കടൽഭിത്തി നിർമാണത്തിനും 42.50 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജലവിഭവ വകുപ്പിന് കൈമാറിയിട്ടുണ്ട്. എം.എൽ.എയുടെ ഇടപെടലിൽ മൂന്ന് പ്രവൃത്തികൾക്ക് ജീവൻ വെച്ചത് ആശ്വാസമായിട്ടുണ്ട്.
കൊയിലാണ്ടി വളപ്പിൽ 1.12 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായി. 4.97 കോടിയുടെ പ്രവൃത്തി നടന്നുവരികയാണ്. മുകച്ചേരിയിൽ 600 മീറ്ററിൽ 4.4 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
അഴിത്തലയിൻ തകർന്ന കടൽഭിത്തി ശാക്തീകരണത്തിന് 9.68 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ബജറ്റ് നിർദേശം നൽകിയിട്ടുണ്ട്. കടൽ ഭിത്തി നിർമാണത്തിന് ഭരണതലത്തിൽ സമ്മർദമുണ്ടെങ്കിലും കാലവർഷത്തിനുമുമ്പ് പ്രവൃത്തി നടക്കാൻ സാധ്യതയില്ല. ദുരിതം വിതക്കുന്ന സമയത്ത് കടലോരത്ത് എത്തുന്ന അധികൃതർ പിന്നീട് എല്ലാം മറക്കുകയാണ് പതിവ്. വർഷംതോറും മത്സ്യത്തൊഴിലാളികളടക്കമുള്ള കുടുംബങ്ങൾക്ക് കടൽക്ഷോഭത്തിൽ കനത്ത നഷ്ടമാണുണ്ടാവുന്നത്. മേഖലയിൽ തീരശോഷണം വ്യാപകമാണെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.