അഴിയൂരിൽ കളിക്കളങ്ങളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
text_fieldsവടകര : അഴിയൂർ ഗ്രാമ പഞ്ചായത്തിൽ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കളിക്കളങ്ങളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും കുഞ്ഞിപ്പള്ളിയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിലും വലിയ രീതിയിൽ ആളുകൾ വന്ന് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തും ചോമ്പാല പൊലീസും ഗ്രൗണ്ടിൽ ഫീൽഡ് പരിശോധന നടത്തി.
കളിക്കുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കളിക്കാൻ പാടുള്ളൂ എന്ന് പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. രണ്ടാം തരംഗത്തിൽ കൂടുതൽ കുട്ടികൾക്ക് രോഗം വന്നത് കുട്ടികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിർബന്ധമായും കോവിഡ് പരിശോധന ക്യാമ്പിൽ കുട്ടികൾ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. കളിക്കളങ്ങളിൽ പരമാവധി 20 പേർക്ക് കളിക്കാൻ സൗകര്യമേർപ്പെടുത്തും. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കളിക്കുന്നതിന് വേണ്ടി പ്രത്യേക പാസ് പഞ്ചായത്ത് അനുവദിക്കും.
പാസില്ലാതെ കളിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കോവിഡ് പ്രോട്ടോകോൾ ലംഘന നിയമപ്രകാരവും നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കളിക്കളങ്ങളിലെ പരിശോധനക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് നേതൃത്വം നൽകി. പഞ്ചായത്ത് സ്റ്റാഫ് സി.എച്ച് മുജീബ്റഹ്മാൻ, നിഖിൽ, കോവിഡ് ചുമതലയുള്ള ആർ.പി റിയാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.