അപകടഭീഷണി ഉയർത്തി പരസ്യ ബോർഡുകൾ
text_fieldsവടകര: വേനൽമഴയും കനത്തകാറ്റും അപകടഭീഷണി ഉയർത്തി പരസ്യ ബോർഡുകൾ. പഴകിയതും തുരുമ്പിച്ചതുമായ പരസ്യ ബോർഡുകൾ ജീവന് ഭീഷണിയാവുകയാണ്.
പരസ്യബോർഡുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലതും വേണ്ടരീതിയിൽ മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിൽ നിരവധി പരസ്യ ബോർഡുകളാണ് തകർന്നുവീണത്. കോവിഡ് കാലത്ത് അറ്റകുറ്റപ്പണി നടത്താതെ പുതിയ ഫ്ലക്സ് സ്ഥാപിച്ചതാണ് പരസ്യ ബോർഡുകൾ നിലംപതിക്കാനിടയാക്കിയത്.
പലയിടത്തും ഭാഗ്യത്തിനാണ് വൻ അപകടം ഒഴിവായത്. കെട്ടിടങ്ങൾക്ക് മുകളിൽ അശാസ്ത്രീയമായാണ് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത്. കെട്ടിടങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ് സ്ഥാപിക്കുന്ന ഇരുമ്പ് ഫ്രെയിമുകളിലേറെയും. ചെറിയ കാറ്റിനെ പോലും ഇത്തരം പരസ്യ ബോർഡുകൾക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഒറ്റ തൂണിൽ സ്ഥാപിക്കുന്ന ബോർഡുകളാണെങ്കിലും പെട്ടെന്ന് വീഴുന്ന സ്ഥിതിയാണുള്ളത്.
അധികൃതരുടെ അനുമതിയോടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി സ്ഥാപിക്കേണ്ട പരസ്യ ബോർഡുകൾ തോന്നിയതുപോലെ സ്ഥാപിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരം പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ നടപടി ഉണ്ടാവുന്നില്ല. ദേശീയപാതയോരത്ത് നിരവധി പരസ്യ ബോർഡുകളാണുള്ളത്. കാലവർഷത്തിന് മുമ്പേ അപകടഭീഷണിയായ ബോർഡുകൾ നീക്കിയില്ലെങ്കിൽ വൻ ദുരന്തത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.