വ്യാപാരിയുടെ മരണം; കാമറകൾ പ്രവർത്തിക്കാത്തത് അന്വേഷണത്തിന് തിരിച്ചടി
text_fieldsവടകര: നഗരം കാമറക്കണ്ണുകളുടെ നിരീക്ഷണവലയത്തിലാക്കാനുള്ള നടപടികൾ പാതിവഴിയിലായതും വ്യാപാരസ്ഥാപനത്തിലെ കാമറകൾ പ്രവർത്തിക്കാത്തതും വ്യാപാരിയുടെ കൊലപാതകത്തിന്റ അന്വേഷണത്തിൽ പൊലീസിന് തിരിച്ചടി.
പല കടകളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങൾ വ്യക്തത ഇല്ലാത്തതും പലരും രാത്രികാലങ്ങളിൽ വൈദ്യുതി അണക്കുന്നതും പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചുമാറ്റിയതോടെ ഇവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ നിലവിൽ കാമറകളില്ല.
വാഹനാപകടങ്ങളിലടക്കം ഇടിച്ച വാഹനം കണ്ടെത്താനും ഇതോടെ പ്രയാസം അനുഭവിക്കുകയാണ്. വ്യാപാരിയുടെ കൊലപാതകത്തിനിടെ കാണാതായ ബൈക്കുമായി ദേശീയപാത വഴി പോയിട്ടുണ്ടോ എന്നകാര്യങ്ങൾ പരിശോധിക്കാനായി വില്യാപ്പള്ളി റോഡിലേക്കുള്ള കാമറകൾ പരിശോധിച്ചുവരുകയാണ്.
പലയിടങ്ങളിലും കാമറ ഓഫ് ചെയ്തുവെക്കുന്നതിനാൽ കുറ്റകൃത്യങ്ങളുണ്ടായാൽ ആർക്കും ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്. കൊലപാതകത്തെ തുടർന്ന് കവർച്ച നടത്തിയ കെ.എൽ 18 ഡബ്ലു -3061 ഹീറോ സ്പ്ലെൻഡർ ബൈക്ക് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇതിനായി പ്രത്യേക സ്ക്വാഡുകൾ മാഹി, തലശ്ശേരി, വില്യാപ്പള്ളി, നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ പരിശോധന നടത്തി. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ മൊബൈൽ ടവറുകളുടെ ഉയരവും ദൂരവും കണക്കാക്കാൻ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ടവർ ഡബ് പരിശോധന നടത്തി.
സംശയിക്കുന്ന ചിലരുടെ ഫോണുകളിലേക്ക് വന്ന കോൾ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. ഇത്തരത്തിൽ പതിനായിരത്തിലധികം കോളുകൾ വിശകലനം ചെയ്തുവരുകയാണ്. പ്രതി ഉടൻ വലയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.