വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമാഫിയ
text_fieldsവടകര: ഗ്രാമീണമേഖലയിലടക്കം വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമാഫിയ. 200 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളാണ് മേമുണ്ട ചല്ലി വയലിലെ വീടുകളിൽനിന്ന് കഴിഞ്ഞദിവസം എക്സൈസ് സംഘം പിടിച്ചെടുത്തത്. 30,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് ചാക്കുകളിൽ കെട്ടി സൂക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
ജില്ല എക്സൈസ് ഇൻറലിജൻസിൽനിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര എക്സൈസ് അധികൃതരാണ് പരിശോധന നടത്തിയത്. രണ്ട് വീടുകളിൽ പരിശോധന നടത്തി പിടികൂടിയ പുകയില ഉല്പന്നം പിടികൂടിയപ്പോൾ ഒരാളിൽ കുറ്റം ചുമത്തി മറ്റൊരാളെ കേസിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുകയില ഉൽപന്നങ്ങളുമായി പിടിയിലാവുന്നവർ ചെറിയ തുക പിഴ അടച്ച് ജാമ്യത്തിൽ ഇറങ്ങുകയാണ് പതിവ്. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ വീണ്ടും വില്പനയുമായി രംഗത്തിറങ്ങുകയാണ്.
കർണാടക,ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കൂടുതലായും ലഹരിവസ്തുക്കൾ വടകരയിലും പരിസരപ്രദേശങ്ങളിലും എത്തുന്നത്. പച്ചക്കറി കയറ്റിവരുന്ന വാഹനങ്ങളിലും റെയിൽ മാർഗവും ഇതിനായി ഉപയോഗിക്കുന്നു. മാഹി റെയിൽവേ സ്റ്റേഷനിൽ ഇറക്കി ചെറുവാഹനങ്ങളിൽ നാട്ടിൻപുറങ്ങളിൽ എത്തിക്കുന്നതും പതിവായിട്ടുണ്ട്.
നാട്ടിൽ പോയി തിരിച്ചുവരുന്ന ഇതരസംസ്ഥാനക്കാർ ലഹരിയുടെ വാഹകരായി മാറുന്നുണ്ട്. എ.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും വടകരയിൽനിന്ന് ഏതാനും ദിവസങ്ങൾക്കുമുമ്പ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം മേഖലയിൽ വീടിനുനേരെ ഗുണ്ടാ ആക്രമണം നടന്നതും ലഹരിക്കടിമപ്പെട്ടവരാണ്.
പൊലീസ് ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.