വടകരയിൽ ഡിവൈ.എസ്.പിയുടെ വാഹനവും കടയും തീവെച്ചു നശിപ്പിച്ചു
text_fieldsവടകര: നഗരഹൃദയത്തിൽ വടകര ഡിവൈ.എസ്.പിയുടെ വാഹനവും കടയും തീവെച്ചുനശിപ്പിച്ചു. ഒരാൾ അറസ്റ്റിൽ. ഞായറാഴ്ച പുലർച്ച ഒന്നരക്കും രണ്ടിനുമിടയിലാണ് രണ്ടിടങ്ങളിൽ തീവെപ്പ് നടന്നത്. വടകര താഴെ അങ്ങാടിയിൽ വി. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കാലിച്ചാക്ക് കടയാണ് ആദ്യം കത്തിച്ചത്. പിന്നാലെ ഡിവൈ.എസ്.പി ഓഫിസിൽ നിർത്തിയിട്ട ടാറ്റ സുമോ വാഹനം അഗ്നിക്കിരയാക്കി. സംഭവത്തിൽ വടകര ബീച്ച് സ്വദേശി സാധാന്റവിട അബ്ദുൽ ജലീലിനെ (45) വടകര പൊലീസ് അറസ്റ്റ് ചെയ്തു. തീവെപ്പിൽ ഡിവൈ.എസ്.പിയുടെ വാഹനം പൂർണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് ഹെൽമറ്റ്, രണ്ട് ബോഡി പ്രൊട്ടക്ടർ, നാല് ഗ്രനേഡുകൾ, നാല് ടിയർ ഗ്യാസ് ഷെല്ല്, വയർലെസ് സെറ്റ്, ജി.പി.എസ്, ആറ് ലാത്തികൾ എന്നിവയും അഗ്നിക്കിരയായി. ഡിവൈ.എസ്.പി ഓഫിസിൽനിന്നും ഏകദേശം അര കിലോമീറ്റർ ദൂരത്താണ് തീവെപ്പ് നടന്ന ചാക്കുകട. പുലർച്ചയോടെ തന്നെ അബ്ദുൽ ജലീലിനെ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയിരുന്നു. ചാക്കുകടയുടെ ഉടമയുമായുള്ള വ്യക്തിവൈരാഗ്യമാണ് തീവെപ്പിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കാരണം വ്യക്തിവൈരാഗ്യം
വടകര: നഗരത്തെ നടുക്കിയ തീവെപ്പിന് പ്രതിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യം. കാലിച്ചാക്ക് കച്ചവടക്കാരനായ വി. ഫൈസലിന്റെ കാർ കഴിഞ്ഞ ദിവസം പ്രതി തകർത്തിരുന്നു. സംഭവത്തിൽ ഫൈസൽ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെ, പ്രതി ഫൈസലിനെതിരെ മറ്റൊരു വ്യാജ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇത് പൊലീസ് സ്വീകരിച്ചിരുന്നില്ല. ഇതിലുള്ള വിരോധമാണ് ഫൈസലിന്റെ ചാക്കുകടയും പൊലീസ് വാഹനവും കത്തിക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴിനൽകി. പൊലീസ് വാഹനത്തിന്റെ ഗ്ലാസ് തകർത്തശേഷം ഡിവൈ.എസ്.പി ഓഫിസിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ച പോസ്റ്റർ പറിച്ച ശേഷമാണ് വാഹനത്തിന് തീ കൊളുത്തിയത്.
ഞായറാഴ്ച പുലർച്ച പ്രതി ഒന്തം റോഡ് മേൽപാലത്തിന് സമീപം മുനിസിപ്പൽ ഓഫിസ് റോഡിലെ കടയിലെ ആയിരത്തോളം കാലിച്ചാക്കുകളാണ് ആദ്യം കത്തിച്ചത്. തുടർന്നാണ് ഓഫിസ് മുറ്റത്ത് നിർത്തിയിട്ട ഡിവൈ.എസ്.പിയുടെ ഔദ്യോഗിക വാഹനം കത്തിച്ചത്. വാഹനത്തിനകത്ത് ഉണ്ടായിരുന്ന ഗ്രനേഡുകൾ പൊട്ടുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് സമീപത്തെ ക്വാർട്ടേഴ്സിലെ താമസക്കാരായ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടിയുണർന്ന് ഓടിയെത്തിയത്. അഗ്നിരക്ഷാസേനയെ വിവരമറിയിച്ച് എത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. കൃത്യം നിർവഹിച്ചശേഷം പ്രതി ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് സ്റ്റേഷനു മുന്നിൽ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.