ലൈഫ്മിഷൻ പദ്ധതി: റേഷൻ കാർഡിന്റെ പേരിൽ അർഹരായവർ തഴയപ്പെടുന്നു –കെ.കെ. രമ എം.എൽ.എ
text_fieldsവടകര: ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെ.കെ. രമ എം.എൽ.എ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തവരുടെ അപേക്ഷ പദ്ധതിയിൽ നേരത്തെ തന്നെ പരിഗണിക്കാറില്ല. ഈ നിയമം നിലനിൽക്കുന്നതിനാൽ ഉള്ള ഭൂമിയിൽ കൂരയുണ്ടാക്കി സ്വന്തമായി റേഷൻ കാർഡ് ഉണ്ടാക്കിയാണ് എല്ലാവരും ലൈഫ് അപേക്ഷ സമർപ്പിച്ചത്. ഇങ്ങനെ അപേക്ഷ നൽകി മാസങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാവങ്ങൾക്ക് ഇരുട്ടടിയായി കഴിഞ്ഞ ഫെബ്രുവരിക്ക് മുേമ്പ റേഷൻകാർഡ് എടുത്തവർക്കു മാത്രമേ വീട് ലഭിക്കാൻ അർഹതയുള്ളുവെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്.
നൂറുകണക്കിന് ആളുകളുടെ അപേക്ഷയാണ് ഇതുമൂലം തള്ളപ്പെടുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം കണ്ട് സർക്കാറിൽ വിശ്വാസമർപ്പിച്ച് കാത്തിരുന്ന പാവപ്പെട്ടവരുടെ എല്ലാ പ്രതീക്ഷകളും ഇതോടെ അസ്ഥാനത്താവുകയാണ്.
ഫെബ്രുവരിക്കു മുമ്പ് റേഷൻകാർഡ് ഉണ്ടാക്കിയവർ മാത്രമേ അർഹരാവൂ എന്ന വ്യവസ്ഥ ഉടനടി സർക്കാർ പിൻവലിക്കണമെന്നും സാധാരണക്കാരന് നീതി ഉറപ്പുവരുത്താൻ ലൈഫ് പദ്ധതിയുടെ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെടണം. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ലൈഫ് മിഷൻ സി.ഇ.ഒയ്ക്കും കത്ത് നൽകിയതായും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.