ജീവനക്കാരെ സ്ഥലംമാറ്റി; വടകര ആർ.എം.എസ് ഓഫിസിന്റെ പ്രവർത്തനം നിർത്തി
text_fieldsവടകര: വടകര മേഖലയിൽ തപാൽ ഉരുപ്പടികളുടെ കൈമാറ്റം സുഗമമാക്കുന്നതിന് തുടങ്ങിയ റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) ഓഫിസിന്റെ പ്രവർത്തനം നിർത്തി. ജീവനക്കാരെ സ്ഥലംമാറ്റി. പ്രവർത്തനം നിർത്തിയതോടെ റെയിൽവേ വഴി എത്തിയിരുന്ന തപാൽ ഉരുപ്പടികൾ തിങ്കളാഴ്ച എത്തിയില്ല.
ഇനി മുതൽ വടകര മേഖലയിലെ തപാൽ ഉരുപ്പടികളുടെ വേർതിരിക്കൽ കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കും. വടകരയിലെ ഓഫിസിൽ 30 ജീവനക്കാരാണുണ്ടായിരുന്നത്.
ഇതിൽ ഓഫിസിലെ 15 സ്ഥിരം ജീവനക്കാരെ കോഴിക്കോട് ഓഫിസിലേക്ക് മാറ്റുകയും 15 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയുമുണ്ടായി. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരിൽ 20 വർഷത്തോളം ജോലി ചെയ്തവരുമുണ്ട്.
തപാൽ ഉരുപ്പടികളുടെ നീക്കം അവസാനിച്ചെങ്കിലും അഡ്മിനിസ്ട്രേഷൻ ഓഫിസ് എന്ന നിലയിൽ ഒരാളെ നിലനിർത്തി. ഞായറാഴ്ച ഓഫിസ് സാമഗ്രികൾ മാറ്റുന്നത് സംയുക്ത തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ തടഞ്ഞിരുന്നു. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പരീക്ഷ പേപ്പറുകളുടെ കെട്ടുകളും ഒരു കമ്പ്യൂട്ടറും കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നു.
എന്നാൽ ഇതിന്റെ മറവിൽ മറ്റ് സാധനങ്ങളും കോഴിക്കോട് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. വടകരയിലെ ഓഫിസ് നിർത്തുന്നതോടെ ഇനി മുതൽ എം.എം.എസാണ് (മോട്ടോർ മെയിൽ സർവിസ്) അവലംബിക്കുക. എം.എം.എസ് വഴിയാവുമ്പോൾ തപാൽ ഉരുപ്പടികളുടെ നീക്കം മന്ദഗതിയിലാവും.
രജിസ്ട്രേഡ് പോസ്റ്റുകൾ ഉൾപ്പെടെ കോഴിക്കോട്ട് എത്തി വേണം തിരിച്ച് ആളുകളുടെ കൈകളിലെത്താൻ. ആറ് ട്രെയിനുകളിലൂടെ 20 ഓളം ആർ.എം.എസ് ഓഫിസുകളിൽനിന്നും നാല് മെയിൽ വാനുകളിലുമായി 20,000-25,000 സാധാരണ ഉരുപ്പടികളും 2500 രജിസ്ട്രേഡ് കത്തുകളും നൂറുകണക്കിന് സ്പീഡ് പാർസൽ ബാഗുകളും എത്തുകയും അവ തരംതിരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നതിൽ വടകര ആർ.എം.എസ് മുഖ്യപങ്കാണ് വഹിച്ചിരുന്നത്.
ആർ.എം.എസ് ഓഫിസുകളുടെ പദവിയുയർത്തി ഇന്റർ സർക്കിൾ ഹബ്ബു(ഐ.സി.എച്ച്) കളാക്കി ഉയർത്താൻ എം.പി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിശദമായ റിപ്പോർട്ട് തിങ്കളാഴ്ചക്കകം നൽകാൻ മന്ത്രാലയം കേരള സർക്കിൾ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു ഇതിനിടെയാണ് ഓഫിസിന്റെ പ്രവർത്തനം നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.