വ്യാജ സന്ദേശം; യൂത്ത് ലീഗ് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു
text_fieldsവടകര: നിടുമ്പ്രമണ്ണ യൂത്ത്ലീഗ് കമ്മിറ്റിയുടെ വാട്സ്അപ് ഗ്രൂപ്പിൽ എന്ന വ്യാജേന നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട വാട്സ്ആപ് സന്ദേശം സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ് ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വടകര ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് കഴിഞ്ഞ മാസം 25ന് യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കുകയും അതിൽ ജില്ല എം.എസ്.എഫ് സെക്രട്ടറി പി.കെ. കാസിം എന്ന പേരിൽ വ്യാജ നമ്പർ ഉൾപ്പെടുത്തി സ്ക്രീൻഷോട്ട് എടുക്കുകയും അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെടെയുള്ള ഫേസ്ബുക്ക് വഴിയും മുൻ എം.എൽ.എ കെ.കെ. ലതിക മുതൽ ഒട്ടേറെപേർ വ്യാജ പ്രചാരണം ഏറ്റെടുത്ത് നടത്തുകയുമുണ്ടായി.
മുൻ മന്ത്രി കെ.ടി. ജലീൽ, മുൻ എം.എൽ.എ പി. ജയരാജൻ, സാഹിത്യകാരി ദീപ നിഷാന്ത് ഉൾപ്പെടെയുള്ളവരും വിഷയത്തിൽ വസ്തുത മനസ്സിലാക്കാതെ പ്രതികരിച്ചിട്ടുണ്ടെന്നും വാർത്തസമ്മേളത്തിൽ ആരോപിച്ചു.
പൊലീസ് അന്വേഷണത്തിൽ മുഹമ്മദ് കാസിമിന്റെയോ നിടുമ്പ്രമണ്ണ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെയോ പേരിൽ ഇത്തരം പ്രചാരണങ്ങൾ നടന്നിട്ടില്ല. രാഷ്ട്രീയം പറഞ്ഞ് വടകരയുടെ മണ്ണിൽ വിജയിച്ചു വരാൻ കഴിയില്ല എന്ന സി.പി.എം നേതൃത്വത്തിന്റെ ബോധ്യത്തിൽ നിന്നാണ് വ്യാജവും വിഷം വമിക്കുന്നതുമായ പ്രചാരണങ്ങൾ രൂപം കൊണ്ടത്.
വസ്തുതാ വിരുദ്ധമായിട്ടുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ട കാസിം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാവുകയും തന്റെ മൊബൈൽ ഫോൺ പരിശോധനക്ക് നൽകി നിരപരാധിത്വം വെളിവാക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ കാര്യം പൊലീസിന് ബോധ്യപ്പെട്ടതാണെന്നും അറിയിച്ചു.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസ് തയാറാവണമെന്നും ഭാരവാഹികൾ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത്പ്രസിഡന്റ് അബ്ദുല്ല തൻഈം, സെക്രട്ടറി വി. ഷബീർ, സി.എ. നൗഫൽ, അസ്ലഹ് വളളിയാട്, എഫ്.എം. മുനീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.