കുടുംബകോടതി കെട്ടിടനിർമാണം: 9.21 കോടിയുടെ പദ്ധതി ഭരണാനുമതിക്കായി സമർപ്പിച്ചു
text_fieldsവടകര: കുടുംബകോടതി കെട്ടിടനിർമാണത്തിനായി 9.21 കോടിയുടെ പദ്ധതി ഭരണാനുമതിക്കായി സമർപ്പിച്ചു. കുടുംബ കോടതിക്ക് രണ്ടര കോടി രൂപ നേരത്തേ അനുവദിച്ചിരുന്നെങ്കിലും കെട്ടിടം യാഥാർഥ്യമായില്ല. കെട്ടിടനിർമാണത്തിന് ഫണ്ട് അപര്യാപ്തമായതിനാൽ പുതിയ പ്രോജക്ട് തയാറാക്കിയാണ് സർക്കാറിന് സമർപ്പിച്ചത്. സർക്കാറിൽനിന്ന് ഫണ്ട് ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. കെട്ടിടനിർമാണം സംബന്ധിച്ച പ്രവർത്തനം വിലയിരുത്താൻ കെ.കെ. രമ എം.എൽ.എ സ്ഥലം സന്ദർശിച്ചു.
കോടതിയുടെ മുന്നിൽ ഇപ്പോൾ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് കോടതി കെട്ടിടമെന്നത് കാലങ്ങളായുള്ള സ്വപ്നമാണ്. പാർക്കിങ് അടക്കം നാലുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. പുതിയ വർഷത്തെ ബജറ്റ് നിർദേശത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. നിർദേശം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് നിലവിൽ അനുവദിക്കപ്പെട്ട ഒരു പോക്സോ കോടതി വടകരയിൽ സ്ഥാപിക്കാൻ സമ്മർദം ചെലുത്തുമെന്നും അവർ അറിയിച്ചു. ബാർ കൗൺസിൽ ഹാളിൽ വക്കീലന്മാരും അഡ്വക്കറ്റ് ക്ലർക്ക് ഹാളിൽ വക്കീൽ ഗുമസ്തന്മാരും എം.എൽ.എയുമായി ചർച്ച നടത്തി. നിലവിലുള്ള അഡ്വക്കറ്റ് ക്ലർക്കുമാരുടെ ഹാളിന്റെ പരിമിതികൾ അവർ എം.എൽ.എയെ അറിയിച്ചു. ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള കെട്ടിടത്തിൽ ഞെരുങ്ങിയാണ് ഗുമസ്തന്മാർ ജോലിചെയ്യുന്നത്.
വേനൽക്കാലമായാൽ ചൂട് സഹിക്കാൻ കഴിയില്ല. കെട്ടിടത്തിന്റെ മേൽക്കൂര നിർമാണത്തിനും ശുചിമുറിക്കുമായി നാലു ലക്ഷത്തിന്റെ പ്രോജക്ട് പി.ഡബ്ല്യു.ഡി വിഭാഗം സർക്കാറിലേക്കു സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭരണാനുമതിക്കായും അടിയന്തര ഇടപെടലുണ്ടാകുമെന്ന് കെ.കെ. രമ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.