കെ.എസ്.ഇ.ബി ഓഫിസിൽ വ്യാജ രേഖ സമർപ്പിച്ചു; കേസെടുത്ത സി.ഐക്ക് സ്ഥലംമാറ്റം
text_fieldsവടകര: കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ കെട്ടിട ഉടമയുടെ പേരിൽനിന്നും മാറ്റാൻ രേഖകളിൽ വ്യാജ ഒപ്പിട്ട് സമർപ്പിച്ച പരാതിയിൽ കേസെടുത്ത വടകര സി.ഐക്ക് സ്ഥലം മാറ്റം. വടകര സി.ഐ എം. രാജേഷിനെയാണ് വയനാട് സൈബർ സെല്ലിലേക്ക് സ്ഥലം മാറ്റിയത്.
വ്യാജ രേഖകൾ സമർപ്പിച്ച് തന്റെ പേരിലുള്ള കെട്ടിടത്തിൽ കെ.എസ്.ഇ.ബി കണക്ഷന് മാറ്റിയെന്ന ചോറോട് പെരുവാട്ടുംതാഴയിലെ റോക്കി എന്‍ക്ലേവ് ഉടമ ചെറുവത്ത് സി.കെ. സുരേന്ദ്രന്റെ പരാതിയിലാണ് ചൊക്ലി അണിയാരം മാണിക്കോത്ത് കുഞ്ഞിമ്മൂസ, ഷെബിന്‍ കുഞ്ഞിമ്മൂസ, സ്ഥാപനത്തിന്റെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ കോഴിക്കോട് സ്വദേശി ഷൈജു, ജീവനക്കാരായ അഞ്ജലി അശോകന്, വി.പി. ദിനേശന് എന്നിവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തത്. സ്ഥാപന ഉടമകൾക്കെതിരെ കേസെടുക്കരുതെന്ന് ഭരണതലത്തിൽ നിന്നുള്ള സമ്മർദത്തിന് വഴങ്ങാത്തതാണ് സി.ഐയുടെ സ്ഥലം മാറ്റത്തിൽ കലാശിച്ചതെന്നാണ് ആക്ഷേപം.
സർവിസ് കണക്ഷന് കുഞ്ഞിമൂസയുടെ പേരിലേക്ക് മാറ്റുന്നതിനായി 2020 ഫെബ്രുവരി ഒന്നിന് രണ്ട് മുദ്രക്കടലാസുകളില്‍ കണ്‍സെന്റ് ലെറ്റര്‍ സുരേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കെ.എസ്.ഇ.ബി. മുട്ടുങ്ങല്‍ ഓഫിസിലും ഇലക്ട്രിക്കല്‍ പാനല്‍ ബോര്‍ഡുകള്‍ മാറ്റാനും മറ്റുമായി വ്യാജ ഒപ്പിട്ട സത്യവാങ്മൂലം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലും നല്‍കിയെന്നാണ് പരാതി. കെട്ടിട ഉടമയുടെ പേരിലുള്ള ഡീസല്‍ ജനറേറ്റര്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിപത്രത്തിന് വേണ്ടി വ്യാജ ഒപ്പിട്ട അപേക്ഷയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫിസില്‍ നല്കി.
മൂന്ന് രേഖകളും വിവരാവകാശ നിയമപ്രകാരം വാങ്ങി നോക്കിയപ്പോഴാണ് വ്യാജ ഒപ്പാണെന്ന് മനസ്സിലായതെന്ന് സുരേന്ദ്രന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മൂന്ന് രേഖകളിലും തീയതിയും ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് സുരേന്ദ്രന് ചെന്നൈയിലെ ട്രൂത്ത് ലാബ് ഫോറന്‍സിക് സർവിസില്‍ തന്റെ ശരിയായ ഒപ്പും രേഖകളിലെ ഒപ്പും പരിശോധനക്ക് അയച്ചു. രേഖകളിലേത് വ്യാജ ഒപ്പാണെന്ന പരിശോധനഫലം ഉള്‍പ്പെടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി വടകര എസ്.എച്ച്.ഒവിന് അന്വേഷണം നടത്തി കേസെടുക്കാൻ കൈമാറുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് വടകര സി.ഐയായിരുന്ന എം. രാജേഷ് അന്വേഷണം നടത്തി കേസെടുത്തത്. കെ.എസ്.ഇ.ബിയില്‍നിന്ന് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവ ശാസ്ത്രീയമായ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.