ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്
text_fieldsവടകര: കസ്റ്റംസിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് യുവാവിൽനിന്ന് രണ്ടുലക്ഷം തട്ടിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
മേമുണ്ട സ്വദേശി കല്ലിൽ പ്രസൂൺ (22) അഡ്വ. പി.പി. സുനിൽ കുമാർ മുഖേന സമർപ്പിച്ച അന്യായത്തിലാണ് മജിസ്ട്രേറ്റ് എ.എം. ഷീജ ഉത്തരവിട്ടത്. ആലപ്പുഴ നൂറനാട് സ്വദേശി കന്നേൽ പാടിത്തതിൽ പി.ടി. മോഹനനെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
2022 ആഗസ്റ്റ് 27ന് രാത്രി ഒമ്പതിന് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് പ്രസൂൺ പി.ടി. മോഹനനെ പരിചയപ്പെടുന്നത്. മോഹനൻ പ്രസൂണിനു സമീപം വന്ന് പരിചയപ്പെടുകയായിരുന്നു. വിലാസവും ഫോൺ നമ്പറും വാങ്ങി. പിന്നീട് മോഹനൻ പ്രസൂണിന്റെ മേമുണ്ടയിലെ വീട്ടിലെത്തി. താൻ ജോലി ശരിയാക്കി നൽകിയവരുടെ ഫോട്ടോയും അവരുടെ നന്ദി അറിയിച്ചുകൊണ്ടുള്ള കത്തും കാണിച്ചു.
എല്ലാവർക്കും എറണാകുളം കസ്റ്റംസിൽ ജോലി നൽകി എന്നുപറഞ്ഞാണ് വിശ്വസിപ്പിച്ചത്. പിന്നീട് ബാങ്ക് ട്രാൻസ്ഫർ വഴി 2,10,000 രൂപ പലതവണകളായി പല ആവശ്യങ്ങൾ പറഞ്ഞ് മോഹനൻ പ്രസൂണിൽനിന്ന് തട്ടിയെടുത്തെന്നാണ് പരാതി. ജോലി കിട്ടാതായതോടെ പ്രസൂണും സുഹൃത്തുക്കളും പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ചതിയിൽപെട്ട കാര്യം മനസ്സിലാവുന്നത്.
അവിടെ ഇത്തരത്തിൽ ചതിക്കപ്പെട്ട പലരും നിത്യേന വന്നുപോകാറുണ്ടെന്നറിഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ പ്രസൂണിനെ കൊല്ലുമെന്ന് മോഹനൻ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.