കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ ലോറി ചരിഞ്ഞത് പരിഭ്രാന്തി പടർത്തി
text_fieldsവടകര: ദേശീയപാതയിൽ കണ്ണൂക്കരയിൽ പാചക വാതകം കയറ്റിയ ടാങ്കർ ലോറി ചരിഞ്ഞത് പരിഭ്രാന്തി പടർത്തി. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ടാങ്കർ ലോറി മറ്റൊരു ലോറിയുടെ പിന്നിലിടിച്ച് റോഡരികിലേക്ക് ഇടിച്ചു കയറി ചരിയുകയായിരുന്നു. എച്ച്.പി യുടെ ടാങ്കർ ലോറി നിറയെ എൽ.പി.ജി യുമായി മംഗലാപുരത്തുനിന്ന് പാലക്കാട്ടേക്ക് േപാകുമ്പോഴാണ് അപകടം. വാതക ചോർച്ച ഉണ്ടായില്ല. കഞ്ചിക്കോട് നിന്ന് വിദഗ്ധ സംഘമെത്തി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും.
ജനവാസ മേഖലയിൽ ഗ്യാസ് ടാങ്കർ ലോറി ചരിഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. സംഭവമറിഞ്ഞ് വടകരയിൽനിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റും തലശ്ശേരിയിൽനിന്ന് ഒരു യൂനിറ്റും സ്ഥലത്ത് എത്തി. അപകടത്തിൽ ടാങ്കറിെൻറ മുൻ ഭാഗം തകർന്നിട്ടുണ്ട്. ദേശീയ പാതയിൽ കുടുങ്ങിയ വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിട്ടു. കൈനാട്ടി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിൽനിന്നും വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.
സമീപ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇൻവെർട്ടർ പ്രവർത്തിക്കുന്ന വീടുകളിൽ ഇൻവെർട്ടർ ഓഫ് ചെയ്യാനും വീടുകളിലെ പാചക വാതകം ഓഫ് ചെയ്യാനും അധികൃതർ നിർദേശം നൽകി. കെ.കെ. രമ എം.എൽ.എ സ്ഥലം സന്ദർശിച്ചു. നിലവിൽ പരിഭ്രാന്തി വേണ്ടതില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.