ദുരിതപ്പെയ്ത്ത്
text_fieldsവടകര: ശക്തമായ മഴയിൽ ദുരിതമൊഴിയുന്നില്ല. കനാലുകളും തോടുകളും റോഡുകളും നിറഞ്ഞു കവിഞ്ഞ് വെള്ളക്കെട്ടിലായി. വടകര നഗരസഭ മണിയൂർ, ചോറോട്, അഴിയൂർ, ഏറാമല പഞ്ചായത്തുകളിലായി ആയിരത്തിലേറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. മഴ കൂടുന്നപക്ഷം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് ത്രിതല പഞ്ചായത്ത് അധികൃതർ. ഏറാമല, തുരുത്തി ഭാഗം, വെള്ളൂക്കര കാവുംകുനി ഭാഗം തുടങ്ങിയ ഇടങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്.
വടകര നഗരസഭയിൽ ആറ് കുടുംബങ്ങളെ സൈക്ലോൺ ഷെൽട്ടറിലെയും ജെ.എൻ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുണ്ട്. 150 ഓളം കുടുംബങ്ങൾ ബന്ധു വീട്ടുകളിലേക്കും മാറി. മണിയൂർ പഞ്ചായത്തിലെ എം.എച്ച്.ഇ.എസ് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. നാല് കുടുംബങ്ങളിൽനിന്നായി 11 പേരാണ് ഇവിടെയുള്ളത്. വില്യാപ്പള്ളിയിൽ ഒരു കുടുംബത്തെ ലോകനാർകാവിലെ ഗെസ്റ്റ് ഹൗസിലേക്ക് മാറ്റിപ്പാർപ്പിച്ചു. നൂറോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ചോറോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. നിരവധി പേരെ ബന്ധുവീടുകളിലും മറ്റും മാറ്റി. ചോറോട് ഈസ്റ്റിലെ ബാലൻ കീർത്തി. നാരായണി കുഞ്ഞിക്കണ്ടി, ശാന്തദർശന എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
തിരുവള്ളൂർ: കനത്ത മഴയെത്തുടന്ന് തിരുവള്ളൂരിലും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും ജലനിരപ്പ് ഉയർന്നു. വളളിയാട്, കണ്ണമ്പത്ത് കര, തണ്ടോട്ടി, കാഞ്ഞിരട്ടു തറ, ചാനിയംകടവ്, വെള്ളൂക്കര, കന്നിനട, തോടന്നൂർ തുടങ്ങിയ പ്രദേശത്തുനിന്ന് 35ൽ പരം കുടുംബങ്ങൾ വീടൊഴിഞ്ഞ് ബന്ധുവീടുകളിൽ മാറിക്കഴിയുന്നുണ്ട്. തിരുവള്ളൂർ, തോടന്നൂർ, കോട്ടപ്പള്ളി അങ്ങാടികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചു.
കോട്ടപ്പള്ളിയിൽ കുറ്റ്യാടി കനാൽ കര കവിഞ്ഞൊഴുകിയത് പരിസരവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ദുരന്ത പ്രതിരോധ യോഗത്തിൽ വാർഡ് കേന്ദ്രീകൃത പ്രവർത്തനങ്ങൾ ആരംഭിക്കാനും അപകട സാധ്യതയുള്ളയിടങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. വെള്ളപ്പൊക്ക ഭീതിയിൽ കഴിയുന്ന തുരുത്തി പ്രദേശത്തുള്ളവർക്ക് തോണി സൗകര്യം ഏർപ്പെടുത്തി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവർക്ക് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാൻ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് സബിത മണക്കുനി അറിയിച്ചു.
ആയഞ്ചേരി: തോരാതെ പെയ്ത കനത്ത മഴയിൽ ആയഞ്ചേരി ടൗണും പരിസരവും വെള്ളത്തിൽ മുങ്ങി. ആയഞ്ചേരി അങ്ങാടിയിലെ കടമേരി, തിരുവള്ളൂർ, വില്യാപ്പള്ളി, തീക്കുനി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചു. ജലനിരപ്പ് ഉയർന്നത് കാരണം കാൽനടയും വാഹനഗതാഗതവും ദുഷ്കരമായിട്ടുണ്ട്. ഇലക്ട്രിസിറ്റി ഓഫിസിന് സമീപം വരയാലി നാണുവിന്റെ വീട്ടിൽ വെള്ളം കയറി. ആയഞ്ചേരി പഞ്ചായത്ത് മംഗലാട് 13ാം വാർഡിലെ വെള്ളോടത്തിൽ നാരായണിയുടെ വീട്ടിൽ വെള്ളം കയറി. കുടുംബത്തെ മാറ്റി താമസിപ്പിച്ചു. തറോപ്പൊയിൽ കുളങ്ങരത്ത് താഴ വെള്ളം കയറി വാഴകൃഷിയും തെങ്ങിൻ തൈകളും നശിച്ചു.
തറോപ്പൊയിൽ വാളാഞ്ഞി, എലത്തുരുത്തി, കോതുരുത്തി, അരതുരുത്തി, തുടങ്ങിയ തുരുത്തുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ടു. ജലനിരപ്പ് ഇനിയും ഉയർന്നാൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിക്കാനുള്ള ഒരുക്കം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വാളാഞ്ഞി, കോതുരുത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ദുരിതാശ്വാസ ക്യാമ്പ് തയാറാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ സമിതി രൂപവത്കരണ യോഗം തറോപ്പൊയിൽ റഹ്മാനിയ സ്കൂളിൽ ചേർന്നു.
പൈങ്ങോട്ടായി കോട്ടപ്പാറ മലയിൽ മണ്ണിടിച്ചിൽ
പൈങ്ങോട്ടായി: പാറച്ചാൽ മീത്തൽ വാട്ടർ ടാങ്കിക്ക് സമീപം കോട്ടപ്പാറ മലയിൽ മണ്ണിടിച്ചിൽ. ഇതുവഴി പുതുതായി നിർമിക്കുന്ന റോഡിന് മണ്ണെടുത്ത ഭാഗത്താണ് മണ്ണിടിഞ്ഞത്. ബുധനാഴ്ച ഉച്ചക്കുശേഷം പെയ്ത കനത്ത മഴയിലായിരുന്നു മണ്ണിടിഞ്ഞത്. നല്ല ഉറവയുള്ള സ്ഥലമായതിനാൽ കനത്ത മണ്ണൊലിപ്പുമുണ്ടായിരുന്നു. ജലനിധി പൈപ്പിനായി മണ്ണെടുത്ത കുഴിയിലൂടെ വെള്ളം ഒലിച്ചത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. വാർഡ് അംഗം ഹംസ വായേരി, പൈങ്ങോട്ടായി മഹല്ല് ജോയന്റ് സെക്രട്ടറി കെ.കെ. അബ്ബാസ്, കനിവ് കൺവീനർ കെ.സി. മുത്തലിബ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സമീപത്തെ മൂന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
ദുരിതമൊഴിഞ്ഞില്ല
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും ചാലിയാറിലും ജലനിരപ്പ് കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളിലും സ്ഥാപനങ്ങളിലും റോഡുകളിലും ചെളി കെട്ടിക്കിടക്കുകയാണ്. നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇത് വൃത്തിയാക്കിത്തുടങ്ങി. തകരാറിലായ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി പാർപ്പിച്ച കുടുംബങ്ങൾ വെള്ളം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മലയോര മേഖലയിലേക്കുള്ള കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസ് സർവിസുകൾ പുനഃസ്ഥാപിച്ചു.
കൊടിയത്തൂർ പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നൂറോളം വീട്ടുകാരെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു വീടുകൾക്ക് മരങ്ങൾ വീണും വെള്ളം കയറിയും നാശനഷ്ടങ്ങൾ സംഭവിച്ചു. കാർഷിക മേഖലയിൽ പഞ്ചായത്തിൽ വാഴ കൃഷിക്കാണ് കാര്യമായ നഷ്ടം. നഷ്ടത്തിന്റെ പൂർണമായ കണക്കുകൾ ശേഖരിച്ചുവരികയാണെന്നും കൃഷി ഓഫിസർ പി. രാജശ്രീ അറിയിച്ചു.
കാരശ്ശേരി പഞ്ചായത്തിൽ രണ്ടായിരത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 300 ഓളം കുടുംബങ്ങളെ വിവിധയിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിൽ മിക്ക വാർഡുകളിലും ദുരിതം ബാധിച്ചിട്ടുണ്ട്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ദുരിതം നേരിട്ട് പഞ്ചായത്താണ് കാരശ്ശേരിയെന്ന് പ്രസിഡന്റ് സുനിതാ രാജൻ പറഞ്ഞു. ആനയാംകുന്ന് എൽ.പി സ്കൂൾ, കാരമൂല ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ ഉൾപ്പെടെ സ്കൂളുകളും അംഗൻവാടികളും സുരക്ഷിത സ്ഥാനത്തുള്ള വീടുകൾ ഉൾപ്പെടെ പഞ്ചായത്തിൽ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 150 ഓളം കുടുംബങ്ങളാണ് പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിൽ അഭയം പ്രാപിച്ചത്. മറ്റു കുടുംബങ്ങളെ സുരക്ഷിതമായി അയൽവീടുകളിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റി പാർപ്പിച്ചു.
മുക്കം നഗരസഭയിൽ 150 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി പാർപ്പിച്ചിരുന്നുവെങ്കിലും വെള്ളം ഇറങ്ങിയതോടെ വീടുകളിലേക്ക് മടങ്ങി. കച്ചേരി എ.എൽ.പി സ്കൂൾ, പൃക്കച്ചാൽ അംഗൻവാടി, തോട്ടത്തിൻകടവ് വ്യവസായ പരിശീലന കേന്ദ്രം, പറശ്ശേരിപറമ്പ് മദ്റസ, കാഞ്ഞിരമുഴി കരിമ്പിൽ ഭാഗത്ത് രണ്ട് വീടുകൾ, വെണ്ണക്കോട് ഭാഗത്തെ വിവിധ വീടുകൾ എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്നത്. കല്ലുരുട്ടി ഭാഗത്ത് രണ്ടു വീടുകൾ അപകടാവസ്ഥയിലായി. നഗരസഭയിൽ വാഴ കർഷകർക്ക് ഉൾപ്പെടെയുള്ളവർക്ക് കാര്യമായ നഷ്ടം ഉണ്ടായതായും കണക്കുകൾ ശേഖരിച്ചു വരുകയാണെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
ഗവ. കോളജ് കാമ്പസിൽ മണ്ണിടിഞ്ഞു വീണു
കൊടുവള്ളി: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കാമ്പസിൽ മണ്ണിടിഞ്ഞു വീണു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് പ്രവേശന ഭാഗത്തെ കെട്ടിടത്തോട് ചേർന്നുള്ള വലിയ മതിൽ ഇടിഞ്ഞുവീണത്. ഇവിടെയുള്ള വലിയ കുന്നിടിച്ച് നിരപ്പാക്കിയാണ് കോളജിനായി കെട്ടിടം പണിതത്. മണ്ണ് എടുത്ത് മാറ്റിയതല്ലാതെ ഭിത്തിഉറപ്പിച്ച് നിർത്താൻ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. മഴ പെയ്താൽ ഭിത്തി ഇനിയും ഇടിഞ്ഞ് വീഴുമെന്നതിനാൽ അപകട ഭീഷണി നിലനിൽക്കുകയാണ്.
വീടുകൾ അപകട ഭീഷണിയിൽ
തിരുവമ്പാടി: മണ്ണിടിച്ചിൽ മൂന്ന് വീടുകൾക്ക് അപകട ഭീഷണിയായി. തോട്ടത്തിൻകടവ് - പയ്യൂളി റോഡിൽ വളപ്പൻ അബുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകട ഭീഷണിയിലായി. മണ്ണിടിച്ചിൽ കാരണം സമീപത്തെ വീടും അപകടാവസ്ഥയിലാണ്. പുല്ലൂരാംപാറയിൽ തോമസ് മണിയങ്കേരിയിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് പത്തായ പാറ ജിജി വർഗീസ് ചക്കുങ്കലിന്റെ വീടും മലവെള്ളപാച്ചിലിൽ അപകട ഭീഷണിയിലാണ്. വീടിന്റെ സംരക്ഷണ ഭിത്തി തകർന്നിരിക്കയാണ്.
കൊടുവള്ളി: ചെറുപുഴയും പൂനൂർ പുഴയും, കുളരാന്തിരിതോടും കര കവിഞ്ഞൊഴുകിയതിന് ശമനം വന്നെങ്കിലും പ്രളയക്കെടുതിയുടെ ദുരിതമൊഴിഞ്ഞില്ല. ദേശീയപാത 766ൽ നെല്ലാംങ്കണ്ടിയിലും, വാവാട് സെന്ററിലും ബുധനാഴ്ച പുലർച്ചയോടെ ഗതാഗതം പുന:സ്ഥാപിച്ചു. നിരവധി കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറിയതിനാൾ വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടായി.
ചെറുപുഴ കരകവിഞ്ഞൊഴുകുന്നതിത് പറയത്തക്ക കുറവ് വരാത്ത സാഹചര്യത്തിൽ വെള്ളം കയറി ദുരിതമനുഭവിക്കുകയാണ് തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത്, കാക്കേരി നിവാസികൾ. തലപ്പെരുമണ്ണ ജി.എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും കഴിയുകയാണ് ഇവിടത്തെ കുടുംബങ്ങൾ. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വെള്ളം കയറി വീടുകൾ വെള്ളത്തിൽ മുങ്ങുന്നത്. മലയോരത്ത് മഴശക്തമാകുമ്പോഴാണ് ചെറുപുഴയിൽ വെള്ളം ഉയരുന്നത്. പുഴയോട് ചേർന്ന തോട് വഴി വെള്ളം താഴ്ന്ന പ്രദേശേത്തേക്ക് എത്തും. പുഴ കര കവിഞ്ഞ് ഒഴുകുന്നതോടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിൽ മുങ്ങും. കഴിഞ്ഞ പ്രളയത്തിൽ ഒരു മാസത്തിനിടെ രണ്ട് തവണയാണ് പുഴയോര പ്രദേശം വെള്ളത്തിൽ മുങ്ങിയത്.
കൊടുവള്ളി: നഗരസഭയിൽ വിവിധ വാർഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട് ശുചീകരണത്തിന് സന്നദ്ധ പ്രവർത്തകരുടെ സഹായം വേണമെന്ന് ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു.
മരംവീണ് വീടുകൾക്ക് നാശം
എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ താനിരിക്കും ഉമ്മറിന്റെ വീടിന് മുകളിലേക്ക് തേക്ക് വീണ് ചുമരിന് കേട് പാടു സംഭവിച്ചു. മക്കാട്ട് പൊയിൽ അബ്ദുന്നാസറിന്റെ വീടിന് മുകളിലേക്ക് തേക്ക് വീണ് മെയിൻ സ്ലാബ് ഭാഗികമായി തകർന്നു. ആവിലോറ തടായിൽ മജീദിന്റെ വീടിന് മുകളിൽ മാവ് പൊട്ടിവീണു. ചക്കും കൊള്ളിൽ അശ്റഫിന്റെ വീടിന് മുകളിൽ തേക്ക് വീണു കേടുപാട് സംഭവിച്ചു.
കിഴക്കോത്ത് മൂന്നാം വാർഡിലെ പൊന്നും തോറ പി.ടി. ഭാസ്കരന്റെ വീടിന്റെ പിൻഭാഗം വലിയ കെട്ട് തകർന്ന് വീടിന് മുകളിലേക്ക് വീണു. വെട്ട് കല്ലുംപുറം രാജന്റെ വീടിന്റെ പിൻഭാഗത്തെ വലിയ കെട്ട് ഇടിഞ്ഞുവീണു. കച്ചിലിക്കാലയിൽ ചെറിയ മാസ്റ്ററുടെ വീടിന് പിൻഭാഗത്തെ ചുറ്റുമതിലും തകർന്നു.
കൊടുവള്ളി: നഗരസഭ ഡിവിഷൻ 14 വാരിക്കുഴിത്താഴംപുതിയോട്ട് പുറായിൽ അഷ്റഫിന്റെ വീടിന്റെ അടുക്കള ഭാഗത്തിന്റെ തറയോട് ചേർന്ന മതിൽ ഇടിഞ്ഞു. കിഴക്കോത്ത് മറിവീട്ടിൽ താഴം വെള്ളാറമ്പാറ മലയിൽ വിജയന്റെ വീടിന് മുകളിൽ കാറ്റിൽ തേക്ക് വീണ് വീടിന്റെ മേൽക്കൂര തകർന്നു.
ഓമശ്ശേരി: വിവിധയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നു 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കെടയത്തൂർ ജി.എം.എൽ.പി സ്കൂളിലാണ് കൂടുതൽ പേരുള്ളത്. വെള്ളം വലിഞ്ഞു തുടങ്ങിയതിനെ തുടർന്ന് പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന്മടങ്ങി തുടങ്ങി. ഓമശ്ശേരി അരീക്കലിൽ നിന്നും രണ്ടു കുടുംബങ്ങളെ ബന്ധു വീടുകളിലേക്കു മാറ്റി. മണ്ണിടിച്ചിൽ ഭീതിയെ തുടർന്നാണ് ഇവരെ ഒഴിപ്പിച്ചത്. മഴയെ തുടർന്ന് പുത്തൂർ, കൂടത്തായി വില്ലേജുകളിലായി 42 വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്നു കൂടത്തായി മണിമുണ്ട ചാലക്കുന്നുമ്മൽ ഷുക്കൂറിന്റെ വീടിന്റെ സംരക്ഷണഭിത്തി അയൽവാസി കുളിക്കുന്ന് അമ്മദിന്റെ വീട്ടിലേക്ക് പതിച്ചു. ഇരു വീടുകളും അപകടാവസ്ഥയിലാണ്.
കുന്ദമംഗലത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ
കുന്ദമംഗലം: പഞ്ചായത്തിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമൽ അറിയിച്ചു. പിലാശ്ശേരി എ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 24 സ്ത്രീകളും 16 പുരുഷൻമാരും രണ്ട് കുട്ടികളും തീക്കുനി സാംസ്കാരിക നിലയത്തിൽ 98 സ്ത്രീകളും 86 പുരുഷൻമാരും ഉണ്ട്. കുന്ദമംഗലം ഈസ്റ്റ് എ.യു.പി സ്കൂളിലെ ക്യാമ്പിൽ 65 സ്ത്രീകളും 60 പുരുഷൻമാരും 10 കുട്ടികളും ഉണ്ട്. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 55 സ്ത്രീകളും 45 പുരുഷൻമാരും അഞ്ച് കുട്ടികളും ഉണ്ട്. കാരന്തൂർ എ.എൽ.പി സ്കൂളിലെ ക്യാമ്പിൽ 17 സ്ത്രീകളും 30 പുരുഷൻമാരും രണ്ട് കുട്ടികളും ഉണ്ട്. പൈങ്ങോട്ടുപുറം അംഗൻവാടിയിലെ ക്യാമ്പിൽ 3 വീതം സ്ത്രീകളും പുരുഷൻമാരും ഒരു കുട്ടിയും ഉണ്ട്. കൂടാതെ ഇയ്യപ്പടിങ്ങൽ സാംസ്കാരിക നിലയത്തിലെ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വെള്ളം കയറിയ ചില ഭാഗങ്ങളിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്. വീട്ടിൽ വെള്ളം കയറിയതിനാൽ ബന്ധു വീട്ടിലും മറ്റും പോയവരിൽ ചിലർ തിരിച്ചെത്തിയിട്ടുണ്ട്. കാരന്തൂർ ഏട്ടകുണ്ട്, പാറക്കടവ് തുടങ്ങിയ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസത്തേക്കാൾ വെള്ളം കുറഞ്ഞെങ്കിലും വിവിധ ഭാഗങ്ങൾ വെള്ളത്തിലാണ്.
ആദ്യഘട്ട സഹായം കൈമാറി മർകസ്
കുന്ദമംഗലം: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നവർക്കായി മർകസ് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ശുചിത്വ ഉപകരണങ്ങൾ, പാക്കറ്റ് ഫുഡ്സ് എന്നിവ ശേഖരിച്ച് കോഴിക്കോട് കലക്ട്രേറ്റിലെ കലക്ഷൻ സെന്ററിലെത്തിച്ചു. അസി. കലക്ടർ ആയുഷ് ഗോയൽ ഏറ്റുവാങ്ങി. വി.എം. റശീദ് സഖാഫി, കെ.കെ. ഷമീം, കെ. ഉനൈസ് മുഹമ്മദ്, അബ്ദുൽ ജബ്ബാർ സഖാഫി, ലിനീഷ് ഫ്രാൻസിസ്, മർകസ് വളന്റിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കൊടിയത്തൂര്‍: മാട്ടുമുറി മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്മദാക്ക കാരാട്ട് പ്രദേശത്ത് വെള്ളംകയറിയ വീടുകൾ സന്ദശിച്ചു. ടീം വെല്‍ഫെയര്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വീട് ശുചീകരണ പ്രവര്‍ത്തനങ്ങളിലും മമ്മദാക്കയും പങ്കാളിയായി. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന് ചെറുവാടി, വൈറ്റ് ഗാര്‍ഡ് അംഗം നൗഫല്‍ പുതുക്കുടി, ജ്യോതിബസു, സലീന ടീച്ചര്‍, ഇ.എന്‍ നദീറ, സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു. വെള്ളം കയറിയ 15 വീടുകളിലും അംഗൻവാടിയിലും ശുചീകരണ പ്രവര്‍ത്തനത്തിന് ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. അബൂബക്കര്‍, കെ.ടി. ഹമീദ്, റഫീഖ് കുറ്റിയോട്ട്, ജാഫര്‍ പുതുക്കുടി, എം.വി. മുസ്തഫ, വികെ. സത്താര്‍, പിവി. ആലിക്കുട്ടി, അബ്ദുല്ല മായത്തൊടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
നരിക്കുനി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിലെ അപകട ഭീഷണിയുള്ള മേഖല സന്ദർശിച്ചു. ദുരിതമനുഭവിക്കുന്നവരെ കുടുംബങ്ങളിലേക്കും അംഗൻവാടി ഉൾപ്പെടെയുള്ള പൊതു കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിക്കും. റെസ്ക്യൂ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു.
കൺട്രോൾ റൂം തുറന്നു
തിരുവമ്പാടി: കാലവർഷക്കെടുതിയുടെ സാഹചര്യത്തിൽ തിരുവമ്പാടി , കൂടരഞ്ഞി പഞ്ചായത്തുകളിൽ കൺട്രോൾ റൂം തുടങ്ങി. തിരുവമ്പാടി ഫോൺ: 9446407568. കൂടരഞ്ഞി ഫോൺ: 8848611040. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മലയോര വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികളെ അനുവദിക്കില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.