കണ്ണീർമഴ: വീട് തകർന്നു; യുവാവ് രക്ഷപ്പെട്ടു, മതിൽ തകർന്നു, കാറിന് നാശനഷ്ടം
text_fieldsവടകര: തിമിർത്തുപെയ്ത കനത്തമഴയിൽ നാശം. സാൻഡ് ബാങ്ക്സിൽ വീട് തകർന്നു. വയൽവളപ്പിൽ സഫിയയുടെ വീടാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നത്. സംഭവസമയത്ത് സഫിയയുടെ മകൻ സമീർ വീട്ടിനകത്തുണ്ടായിരുന്നു. ശബ്ദംകേട്ട് വീടിനകത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടിലെ മറ്റുള്ളവർ പുറത്ത് പോയതായിരുന്നു.
ചുമരുകൾക്ക് വിള്ളലുകൾ വീണിട്ടുണ്ട്. ഫർണിച്ചറുകളും മറ്റ് സാധനങ്ങളും നശിച്ചു. തീരദേശ പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി. വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. തീരദേശ പൊലീസ് എസ്.ഐ പി. പ്രശാന്തിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം നടത്തി.
നഗരസഭ ചെയർമാൻ കെ.പി. ബിന്ദു, കൗൺസിലർ പി.വി. ഹാഷിം, പി.കെ.സി. അഫ്സൽ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, നഗരസഭ ഓവർസിയർ പ്രബീഷ്, വില്ലേജ് ഓഫിസർ ഷീന ചെറിയാൻ, രവി, സി.പി. ഹമീദ്, എ. അൻസാർ എന്നിവർ സന്ദർശിച്ചു. പതിയാരക്കര തീരദേശ റോഡിൽ ബൈത്തുൽ നിമയിൽ നൗഫലിന്റെ വീടിനോട് ചേർന്ന സ്ഥലത്തെ മതിലിടിഞ്ഞ് വീട്ടുമുറ്റത്തേക്ക് വീണു.
ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. നൗഫലും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. കുട്ടികൾ കളിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞത്. കുട്ടികൾ സ്കൂളിലും നൗഫലിന്റെ ഭാര്യ പുറത്തായതിനാലും അപകടം ഒഴിവായി. വടകര കോടതിവളപ്പിൽ മരക്കൊമ്പ് അഭിഭാഷകന്റെ കാറിന് മുകളിൽ പൊട്ടിവീണ് നാശ നഷ്ടമുണ്ടായി.
അഡ്വ. ഷമീറിന്റ കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. ഗുമസ്ഥന്മാരുടെ ഓഫിസ് പരിസരത്ത് പാർക്ക് ചെയ്തതായിരുന്നു കാർ. കോടതിപരിസരത്തെ അപകട സാധ്യതയുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എം. രാംദാസ് ആവശ്യപ്പെട്ടു. കനത്തമഴ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ടിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.