മഴക്ക് ശമനമില്ല; ചുഴലിക്കാറ്റ്, നാശനഷ്ടം
text_fieldsഅഴിയൂർ കോറോത്ത് റോഡിൽ ഷൈരാജിന്റെ വീടിനോട് ചേർന്ന മതിൽ തകർന്ന നിലയിൽവടകര: ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയിൽ നാടും നഗരവും വിറങ്ങലിക്കുന്നു. മഴയോടൊപ്പം ആഞ്ഞുവീശുന്ന കാറ്റ് നാശനഷ്ടം ഇരട്ടിപ്പിക്കുകയാണ്.
വിനോദ സഞ്ചാര മേഖലയായ വടകര സാൻഡ് ബാങ്ക്സിൽ ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ ചുഴലിക്കാറ്റിൽ തട്ടുകടകൾ തകർന്നു. ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടേതുൾപ്പെടെ നാല് തട്ടുകടകൾ കാറ്റിൽ തകർന്നു. ഇരുചക്ര വാഹനങ്ങളുടെ മുകളിൽ ഷീറ്റ് വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. സാൻഡ് ബാങ്ക്സിലെത്തിയ കുറ്റ്യാടി സ്വദേശി തലനാരിഴക്കാണ് തട്ടു കടകൾ കാറ്റിൽ തകരുമ്പോൾ രക്ഷപ്പെട്ടത്.
കാലവർഷം ശക്തമായതിനാൽ സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾക്ക് വിലക്കുണ്ട്. വിലക്കുകൾ ലംഘിച്ച് ആളുകൾ എത്തുന്നത് അപകടത്തിലേക്ക് നയിച്ചേക്കും.
അഴിയൂർ കോറോത്ത് റോഡിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി. കുടുംബത്തെ മാറ്റി താമസിപ്പിച്ചു. കോറോത്ത് റോഡിൽ ഷൈരാജിന്റെ വീടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്. മതിൽ തകർന്നതോടെ വീടിന് തൊട്ട് മുകളിൽ താമസിക്കുന്ന കോമരത്തിന്റവിട മറിയത്തിന്റെ വീടാണ് അപകടാവസ്ഥയിലായത്.
മറിയത്തിന്റെ വീടിന് സംരക്ഷണമെന്ന നിലയിൽ കെട്ടിപ്പൊക്കിയതായിരുന്നു മതിൽ. മറിയത്തിന്റെ വീട് അപകടാവസ്ഥയിലായതോടെയാണ് ഇവരെ മാറ്റി താമസിപ്പിച്ചത്. 10 മീറ്ററോളം വരുന്ന മതിലാണ് തകർന്നു വീണത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്.
മരംവീണ് മേൽക്കൂര തകർന്നു
നാദാപുരം: പുറമേരിയിൽ വീട്ടുവളപ്പിലെ മരംവീണ് വീടിന്റെ മേൽക്കൂര തകർന്നു. 17ാം വാർഡിൽ ഇളമ്പിലായി അമ്പലത്തിന് സമീപം കോളോർ കണ്ടി പാറക്കെട്ടിൽ കൃഷ്ണന്റെ വീടിന് മുകളിലാണ് മരം വീണത്.
വീടിന്റെ മുകൾ ഭാഗം വാസയോഗ്യമല്ലാത്ത വിധത്തിൽ തകർന്നു. വീടിന് സമീപത്തെ തേക്കു മരമാണ് വീടിന് മുകളിലേക്ക് കടപുഴകിയത്. ആളപായമില്ല. നാട്ടുകാർ ചേർന്ന് മരം മുറിച്ചുമാറ്റി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതി ലക്ഷ്മി വീട് സന്ദർശിച്ചു.
ചുരം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം വീണതോടൊപ്പം വൈദ്യുതി ലൈനും പൊട്ടി വീണു. ചേലക്കാട് നിന്ന് അഗ്നിരക്ഷാസേനയും, ചുരം സംരക്ഷണ പ്രവർത്തകരും ചേർന്ന് മരം വെട്ടി മാറ്റിയതിനെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിന്റെ പല ഭാഗത്തും പ്രത്യേകിച്ച്, പക്രം ഭാഗത്ത് വനം വകുപ്പിന് കീഴിലുള്ള പ്രദേശത്ത് ഉണങ്ങിയ അക്കേഷ്യ മരങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റാത്തത് യാത്രക്കാർക്ക് ഭീഷണിയായി നിലനിൽക്കുന്നു.
ഫോറസ്റ്റ് ഓഫിസിനോട് ചേർന്നുള്ള മരത്തിന് അടിഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് അപകട ഭീഷണിയിലാണ്. ഇത്തരം മരങ്ങൾ മുഴുവൻ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മഴക്കെടുതിയിൽ അപകടങ്ങൾ
നാദാപുരം: ശമനമില്ലാതെ തുടരുന്ന മഴയിൽ ബുധനാഴ്ചയും വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. ഉച്ചയോടെ, ആഞ്ഞുവീശിയ ശക്തമായ കാറ്റിൽ ചിയ്യൂരിൽ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ചിയ്യൂർ ചെറുവലത്ത് അമ്പലത്തിനു സമീപം തേനംകണ്ടി ബാബുവിന്റെ വീടിനു മുന്നിലാണ് അപകടം.
കല്ലാച്ചിയിൽ നിന്നും ഓട്ടം വിളിച്ചുവന്ന യാത്രക്കാരും ഡ്രൈവറും പുറത്തിയ ഉടനെയായിരുന്നു അപകടം. ഇതിനെ തുടർന്ന് വൻ അത്യാഹിതം ഒഴിവായി. നാദാപുരത്ത് സബ് രജിസ്ട്രാർ ഓഫിസിനു സമീപം ടാക്സി സ്റ്റാൻഡിലെ തണൽമരം പൊട്ടി വൈദ്യുതി ലൈനിൽ വീണു.
ഇതിനെ തുടർന്ന് ഇതുവഴി കല്ലാച്ചിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് മരത്തിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി അപകടം ഒഴിവാക്കി. പൊട്ടി നിന്ന തടിമരം ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരെത്തി മുറിച്ചുമാറ്റുകയായിരുന്നു.
നരിപ്പറ്റ കൊയ്യാൽ റോഡിൽ റേഷൻ കടക്കടുത്ത് മരക്കൊമ്പ് വീണ് വൈദ്യുതികമ്പി തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് വിലങ്ങാട് മലയോരത്ത് ശക്തമായ മഴ കാരണം പുഴയിലെ ജലനിരപ്പ് വർധിച്ചു. ടൗണിലേക്കുള്ള പാലത്തിൽ വെള്ളം കയറി ടൗണിലേക്കുള്ള യാത്ര അപകടാവസ്ഥയിലായി. നേരിയ തോതിൽ വിലങ്ങാട് ടൗൺ പരിസരത്ത് വെള്ളം കയറി.
മലയോരത്തെ മഴ മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം ബണ്ട് പരിസരത്തും താഴ്ഭാഗത്തും ജലനിരപ്പ് ക്രമാതീതമായി വർധിപ്പിക്കാനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.