ദേശീയപാത പാലം പ്രവൃത്തി: മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു; യാത്രക്കാർ വലഞ്ഞു
text_fieldsവടകര: ദേശീയപാത ഫ്ലൈ ഓവർ നിർമാണ പ്രവൃത്തിയുടെ ഭാഗമായി മുന്നറിയിപ്പ് ഇല്ലാതെ പെരുവാട്ടുംതാഴ ജങ്ഷനിൽ റോഡ് അടച്ചത് വാഹനങ്ങളേയും യാത്രക്കാരേയും ദുരിതത്തിലാക്കി. മുന്നറിയിപ്പില്ലാതെ ദേശീയപാത കരാർ കമ്പനി അധികൃതർ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡാണ് അടച്ചത്.
റോഡ് അടച്ചതോടെ തൊട്ടിൽപ്പാലം, നാദാപുരം, തലശ്ശേരി ഭാഗങ്ങളിൽനിന്നും വടകര പഴയ ബസ് സ്റ്റാൻഡ് വഴി കടന്ന് പോകേണ്ട ബസുകൾ എൻ.എച്ച്. വഴി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ട സാഹചര്യമായിരുന്നു.
പഴയ സ്റ്റാൻഡിലെ ഓഫിസുകളിലും മറ്റും എത്തിപ്പെടേണ്ട യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ചെറിയ വാഹനങ്ങൾ കടന്നുപോകാൻ ജങ്ഷനിൽനിന്നും നൂറ് മീറ്റർ അകലെ യു ടേൺ സംവിധാനം ഒരുക്കി പഴയ ബസ് സ്റ്റാൻഡ് റോഡിലേക്ക് പ്രവേശിക്കാൻ നടപടി സ്വീകരിച്ചിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ റോഡ് അടച്ചത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കത്തിനും ഇടയാക്കി.
പ്രതിഷേധം ശക്തമായതോടെ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വടകര പൊലീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ബസുകളുടെ റൂട്ട് പുനഃ ക്രമീകരിച്ചു. തലശ്ശേരി ഭാഗത്തുനിന്നും പഴയ ബസ് സ്റ്റാൻഡ് വഴി സർവിസ് നടത്തിയ ബസുകൾ ഇന്ന് മുതൽ അടക്കാത്തെരു ജങ്ഷനിൽനിന്നും മാർക്കറ്റ് റോഡ് വഴി പഴയ സ്റ്റാൻഡ് വഴി പുതിയ സ്റ്റാൻഡിൽ എത്തണം.
തൊട്ടിൽപ്പാലം, കുറ്റ്യാടി , നാദാപുരം, കുന്നുമ്മക്കര ഭാഗങ്ങളിൽനിന്നും വരുന്ന ബസുകൾ ലിങ്ക് റോഡ് വഴി പഴയ സ്റ്റാൻഡ് ജങ്ഷൻ വഴി പുതിയ സ്റ്റാൻഡിലേക്ക് സർവിസ് നടത്തണമെന്ന് വടകര ട്രാഫിക് യൂനിറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.