ദേശീയപാത നിർമാണം: സിഗ്നൽ ലൈറ്റുകൾ കത്തുന്നില്ല; അപകടക്കുരുക്കായി ദേശീയപാത
text_fieldsവടകര: ദേശീയപാത നിർമാണ ഭാഗമായി സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചതോടെ ദേശീയപാതയിൽ അപകടക്കുരുക്ക്. അടക്കാതെരു ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ നിലച്ചതാണ് അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. ദേശീയപാതയിൽ വാഹനങ്ങൾ പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്.
ചീറിപ്പായുന്ന വാഹനങ്ങൾ ഇവിടെ ഡിവൈഡറിൽ കയറി അപകടത്തിൽപെടുന്നത് പതിവാണ്. സിഗ്നലുകൾ നിലച്ചതോടെ ചെറുതും വലുതുമായി നിരവധി അപകടങ്ങളുണ്ടായി. വില്യാപ്പള്ളി, മേമുണ്ട ഭാഗങ്ങളിൽനിന്നു പഴയ സ്റ്റാൻഡിലേക്കു കടക്കുന്ന വാഹനങ്ങളും ദേശീയപാത വഴി കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കും ഇതിനുപുറമേ യൂ ടേൺ എടുക്കുന്ന വാഹനങ്ങളും നിയന്ത്രങ്ങളില്ലാതെ കടന്നുപോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
ദീർഘദൂര ബസുകളുടെ മത്സര ഓട്ടത്തിൽനിന്നു ചെറിയ വാഹനങ്ങൾ തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ജങ്ഷനിൽ ട്രാഫിക് പൊലീസിനൊപ്പം സിവിൽ ഡിഫൻസ് ഫോഴ്സ് വളന്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്തി ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു.
ദേശീയപാത വികസനം പൂർത്തിയാകാൻ കാലങ്ങളെടുക്കും. ഇക്കാലമത്രയും അപകടക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.