പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
text_fieldsവടകര: ചോറോട് പഞ്ചായത്തിന്റെ എം.സി.എഫ് പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. കുരിക്കിലാട് ഗോകുലം സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നാണ് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വൻ തീപിടിത്തമുണ്ടായത്. കേന്ദ്രത്തിൽ സൂക്ഷിച്ച ടൺ കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും തീ വിഴുങ്ങിയതോടെ പ്രദേശമാകെ പുകയിൽ മുങ്ങി. തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തി നശിച്ചു.
പഞ്ചായത്ത് ഹരിത സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം വാഹനങ്ങളിലാക്കി തരംതിരിച്ച് ഈ കേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. ഗോഡൗൺ നിറഞ്ഞാൽ കരാറെടുത്ത കമ്പനി ഇവ ഇവിടെനിന്നും നീക്കം ചെയ്യുകയാണ് പതിവ്. കേന്ദ്രത്തിൽ വൻ തോതിൽ മാലിന്യം സൂക്ഷിച്ചിരുന്നു. തീപിടിത്തമുണ്ടാകുന്നതിന്റെ ഏതാനും സമയം മുൻപാണ് മാലിന്യം തരം തിരിച്ച് രണ്ട് ഹരിതസേന അംഗങ്ങൾ പോയത്.
സമീപത്തെ കോ-ഓപറേറ്റിവ് കോളജിലെ വിദ്യാർഥികളാണ് ഇവിടെനിന്നും പുക ഉയരുന്നത് കണ്ടത്. ഇവർ കോളജ് അധികാരികളേയും നാട്ടുകാരേയും വിവരം അറിയിച്ചു. പ്ലാസ്റ്റിക് പുകപടലങ്ങൾ ശ്വസിക്കാൻ പറ്റാതെ പരിസരവാസികളും ദുരിതത്തിലായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആറ് യൂനിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വടകര, പേരാമ്പ്ര, നാദാപുരം യൂനിറ്റുകളിലെ അഗ്നിരക്ഷാ യൂനിറ്റുകൾ നാലു മണിക്കൂറോളം കഠിന പ്രയത്നമാണ് തീയണക്കാൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.