ഇടതു സർക്കാർ ഉദ്യോഗസ്ഥരെ വേട്ടയാടുന്നു -യു.ഡി.എഫ്
text_fieldsവടകര: സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് നടക്കുന്ന നവകേരള സദസ്സുകൾ സംഘടിപ്പിക്കുന്നതിനു വേണ്ടി രൂപവത്കരിച്ച സംഘാടക സമിതിയുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരെ വേട്ടയാടുന്ന നടപടിയിൽനിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് യു.ഡി.എഫ്. ജില്ല ചെയർമാൻ കെ. ബാലനാരായണനും, കൺവീനർ അഹമ്മദ് പുന്നക്കലും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ നാലു പഞ്ചായത്ത് സെക്രട്ടറിമാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത് പ്രതിഷേധാർഹമാണ്. ജോലി ഭാരവും ജീവനക്കാരുടെ ക്ഷാമവും നേരിടുന്ന പഞ്ചായത്തുകൾക്ക് മേൽ അമിതഭാരമാവുകയാണ് നവകേരള സദസ്സുകളെന്നും ഇവർ ആരോപിച്ചു .
പൊതുമരാമത്ത് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ടാണ് 27ന് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇത് പ്രകാരമുള്ള സമയം അവസാനിക്കുന്നതിന് മുമ്പാണ് സ്ഥലം മാറ്റ ഉത്തരവും ലഭിക്കുന്നത് .എൽ.ഡി.എഫ്. സർക്കാർ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവകേരള സദസ്സിന്റെ പേരിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിർബന്ധിത പണപ്പിരിവ് നടത്താൻ ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്താനുള്ള നടപടിയുടെ ഭാഗമാണ് സ്ഥലം മാറ്റമെന്നും ഉത്തരവ് തിരുത്താൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി .വാർത്തസമ്മേളനത്തിൽ സൂപ്പി നരിക്കാട്ടേരി ,അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല ,സബിത മണക്കുനി, എഫ്.എം. മുനീർ, ചാലിൽ രാമകൃഷ്ണൻ, ഡി. പ്രജീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.