വടകര നഗരസഭ വ്യവസായ എസ്റ്റേറ്റിൽ വ്യവസായ സംരംഭങ്ങൾക്ക് പകരം അനധികൃത സ്ഥാപനങ്ങൾ
text_fieldsവടകര: കരിമ്പനപ്പാലത്തെ വടകര നഗരസഭ വ്യവസായ എസ്റ്റേറ്റിൽ വ്യവസായ സംരംഭങ്ങൾക്കു പകരം അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പതിച്ചുകിട്ടിയ പ്ലോട്ടുകളിൽ ചിലത് ഉപയോഗിക്കാതിരിക്കുകയും ചിലതിൽ അനധികൃതമായി പ്രവൃത്തികൾ നടത്തുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കേന്ദ്ര സർക്കാറിന്റെ ഐ.ഡി. എസ്. എം. ടി പദ്ധതിയിൽപ്പെടുത്തി നഗരസഭ അക്വയർ ചെയ്ത സ്ഥലം 17 സംരംഭകർക്ക് വിവിധ വ്യവസായങ്ങൾ ആരംഭിക്കാനായി അനുവദിച്ച് നൽകുകയായിരുന്നു.
എന്നാൽ, ചെറുകിട മേഖലയിലെ വ്യവസായ വികസനം ലക്ഷ്യമിട്ട് നഗരസഭ അനുവദിച്ച പ്ളോട്ടുകൾ അനുമതി കൂടാതെ മാറ്റം വരുത്തിയതും അനധികൃത നിർമിതികൾ നടത്തിയുമാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. എസ്റ്റേറ്റിലെ ഒരു പ്ലോട്ടിലെ കെട്ടിടം ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഗോഡൗൺ ആയി പ്രവർത്തിക്കുകയാണ്.
നിലത്ത് വിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ നിർമിക്കുന്നതിന് വേണ്ടി അനുവദിച്ച പ്ലോട്ടിൽ വൻകിട കാർ സർവിസ് സ്റ്റേഷനാണ് പ്രവർത്തിക്കുന്നത്. ഇവിടെ അനുമതിയില്ലാതെ സ്ഥാപിച്ച ചെറുകിട മൊബൈൽ ടവറും ഇവരുടേതായുണ്ട്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള വഴി നിറയെ പഴയ വാഹനങ്ങൾ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ഇവ നീക്കം ചെയ്യുന്നതിന് ഉടമസ്ഥർക്ക് നോട്ടീസ് നൽകും. നിശ്ചിത സമയ പരിധിക്കകം നീക്കം ചെയ്യാത്ത പക്ഷം ലേലം ചെയ്ത് നഗരസഭ ഫണ്ടിലേക്ക് മുതൽകൂട്ടും.
വ്യവസായ വികസനത്തിനായി വടകര നഗരസഭ പതിച്ചു നൽകിയ പ്ലോട്ടുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുമെന്നും. പ്ലോട്ടുകളുടെ നിലവിലെ സ്ഥിതിയും സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നഗരസഭ കൗൺസിലിന്റെ പരിഗണനക്ക് നൽകിയതായി നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് അറിയിച്ചു.
നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എ.എസ്. സുദീപ്. റവന്യൂ ഇൻസ്പെക്ടർ ജി.പി. ഉദയകുമാർ, ക്ലീൻ സിറ്റി മാനേജർ കെ.പി. രമേശ്, വ്യവസായ വികസന ഓഫിസർ കെ. വിദ്യ, സെക്ഷൻ ക്ലാർക്ക് കെ.പി. രാജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.