വടകരയിൽ 15 പേരെ തെരുവുനായ് കടിച്ചു
text_fieldsവടകര: മുനിസിപ്പാലിറ്റി പരിധിയിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ് ശല്യം രൂക്ഷമാകുന്നു. 15 പേർക്ക് കടിയേറ്റു. ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തിെൻറ വിവിധഭാഗങ്ങളിൽനിന്നാണ് തെരുവുനായ്കളുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്കുപറ്റിയത്. ചൊവ്വാഴ്ച ഉച്ച മുതൽ ബുധനാഴ്ച രാവിലെ വരെയായി 15ഓളം പേർക്കാണ് നായുടെ കടിയേറ്റത്. കടിയേറ്റവർ വടകര ഗവ. ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. വീട്ടിലേക്ക് ഓടിക്കയറിവരെ നായ് കടിച്ചു. വെള്ളികുളങ്ങരയിലെ മീത്തലെ കുന്നോത്ത് ബാലെൻറ മകൾ നിത്യജ, വെന്മേരിപ്പറമ്പത്ത് അജീഷിെൻറ മകൾ വേദിക, ഫൈസലിെൻറ മകൾ ഫാരിദ ഷെറിൻ എന്നിവർക്ക് ചൊവ്വാഴ്ച വൈകീട്ടാണ് കടിയേറ്റത്. മടപ്പള്ളി അടിപ്പാതക്ക് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രമോദിെൻറ രണ്ടു മക്കൾക്കും കടിയേറ്റു. രാത്രി 11ന് തട്ടോളിക്കരയിലെ ഒരു വീട്ടമ്മയെ അടുക്കളയിൽ കയറി കടിച്ചു. ബുധനാഴ്ച രാവിലെയാണ് വൈക്കിലശ്ശേരി, കുരിക്കിലാട് ഭാഗത്തും നായ് ഭീതിവിതച്ചത്. റേഷൻകടയിൽ പോയി തിരിച്ചുവരുന്നതിനിടെ കൊട്ടാരത്ത് നാരായണിക്ക് കടിയേറ്റു. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ചെറുവോട്ടുംപോയിൽ ബാബുവിനെയും നായ് കടിച്ചു. സഹോദരനെ കടിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് നടുക്കണ്ടി ശംസുദ്ദീൻ മുഹമ്മദിനും കടിയേറ്റത്. ഓർക്കാട്ടേരിയിലെ ചിന്നക്കുറുപ്പിനെ വീട്ടിലിരിക്കുമ്പോഴാണ് നായ് കടിച്ചത്. ചിലർ നായുടെ കടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓടിയതിനാൽ വീണ് പരിക്കേറ്റു. ഒരു നായ് തന്നെയാണോ ഇവിടങ്ങളിലെല്ലാം പരാക്രമം കാണിച്ചതെന്ന് വ്യക്തമല്ല.
ബസ്സ്റ്റാൻഡ് പരിസരം, റെയില്‍വേ സ്റ്റേഷന്, എടോടി, പഴയ ബസ്സ്റ്റാൻഡ്, തിരുള്ളൂര്‍ റോഡ്, മേപ്പയില്‍, മാക്കൂല്‍പീടിക എന്നീ സ്ഥലങ്ങളിൽ തെരുവുനായ് അലഞ്ഞുതിരിയുന്നത് യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ഭീഷണിയായിരിക്കുകയാണ്. രാത്രിയില്‍ റോഡിലൂടെ സഞ്ചരിക്കുന്നവരും ബൈക്ക് യാത്രക്കാരുമാണ് നായ് ശല്യത്തില്‍ ഏറെ വലയുന്നത്. അതിരാവിലെ നടക്കാനിറങ്ങുന്നവരും നായ് ഭീഷണി കാരണം കൈയില്‍ വടിയോ മറ്റോ കരുതേണ്ട സ്ഥിതിയാണുള്ളത്. മുനിസിപ്പാലിറ്റിയുടെ പ്രദേശങ്ങളിലെല്ലാം നായ് ശല്യം രൂക്ഷമാണെന്ന് പരാതികളുണ്ടെങ്കിലും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാറില്ല. റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലും ഒഴിഞ്ഞ ബില്ഡിങ്ങുകളിലുമാണ് രാത്രിയില്‍ നായ്ക്കൾ കഴിയുന്നത്. വര്‍ധിച്ചുവരുന്ന നായ്ശല്യം നിയന്ത്രിക്കാന്‍ മുനിസിപ്പാലിറ്റി ഇടപെട്ട് പരിഹാരം കാണണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.