വടകര നഗരം ലഹരിയുടെ പിടിയിലമരുന്നു
text_fieldsവടകര: ഒരിടവേളക്ക് ശേഷം വടകര നഗരം ലഹരിമാഫിയയുടെ താവളമാവുന്നു. എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെ യുവാക്കളെ ലഹരിയുടെ ഉന്മാദത്തിലെത്തിക്കുന്നതെന്തും ഇന്ന് നഗരത്തിൽ സുലഭമായി ലഭിക്കും. കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ എം.ഡി.എം.എയുമായി നഗരത്തിൽ നിന്നും പിടികൂടുകയുണ്ടായി.
ചെറിയ അളവാണ് ഇവരിൽ നിന്നും കണ്ടെടുത്തതെങ്കിലും വൻ സംഘങ്ങൾ കാണാമറയത്തുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരി സംഘങ്ങളെ പിടികൂടുന്നതിൽ പൊലീസും എക്സൈസും പരാജയപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. പരിശോധന കർശനമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമാകുന്നുണ്ട്. പരിശോധനകൾ വഴിപാടാവുന്ന സാഹചര്യത്തിലാണ് താഴെ അങ്ങാടിയിൽ ലഹരി മാഫിയകൾക്കെതിരെ ജനകീയ കൂട്ടായ്മ ഒരുക്കേണ്ട സാഹചര്യം നാട്ടുകാർക്കുണ്ടായത്. ഇതിന്റെ പ്രവർത്തനം സജീവമായി മുന്നോട്ടുപോകുന്നുണ്ട്. നേരത്തെ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ലഹരി സംഘത്തിലെ ആൾ പിടിയിലായതോടെ ഇവയെല്ലാം ഉൾവലിഞ്ഞിരുന്നു.
എന്നാൽ, നിലവിൽ ടൗണിൽ വീണ്ടും ലഹരി സംഘങ്ങൾ തലപൊക്കിയിട്ടുണ്ട്. വടകരയിൽ എൻ.ഡി.പി.എസ് കോടതി നിലവിലുള്ളതിനാൽ ജില്ലക്ക് പുറത്ത് നിന്നുള്ള കൊടും ക്രിമിനലുകൾ വരെ കോടതിയിൽ വന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സംഘങ്ങൾ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പുതിയ മാർക്കറ്റ് തുറക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.
ബംഗളൂരു വഴിയും ഇതര സംസ്ഥാനക്കാരിലൂടെയുമാണ് പ്രധാനമായും സിന്തറ്റിക് മയക്കുമരുന്നുകൾ ടൗണിലെത്തുന്നത്. പ്രത്യേക കോഡുകളിലൂടെ സമൂഹമാധ്യമങ്ങൾ വഴി ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുന്നതിനാൽ ലഹരി വിതരണ സംഘങ്ങളെ പിടികൂടുക അത്ര എളുപ്പവുമല്ല. ജനകീയ കൂട്ടായ്മയിലൂടെ ലഹരിക്കെതിരെ പ്രതിരോധം തീർത്താൽ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ കഴിയുമെന്നാണ് താഴെ അങ്ങാടിയിലെ കൂട്ടായ്മ നൽകുന്ന സന്ദേശം. ഇവരുടെ ഇടപെടലിലൂടെ രണ്ട് യുവാക്കളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞിരുന്നു.
ലഹരി വിരുദ്ധ കാമ്പയിൻ നടത്തും
ആയഞ്ചേരി: സമൂഹത്തെയാകെ കാർന്നുതിന്നുന്ന രീതിയിൽ കേരളത്തിൽ ലഹരിമാഫിയ കീഴടക്കുമ്പോൾ ലഹരിക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഈ മാസം ഒന്നു മുതൽ മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ നടത്താൻ നാഷനൽ വിമൻസ് ലീഗ് (എൻ.ഡബ്ല്യു.എൽ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ലഹരിക്കടിപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം കൂട്ടക്കൊലയുൾപ്പെടെയുള്ള അക്രമങ്ങൾ നിത്യസംഭവമായി മാറിയിരിക്കയാണ്. ഈ വിപത്തിനെതിരെ സർക്കാറും ജനങ്ങളും കൂട്ടായി പ്രവർത്തിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കാമ്പയിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, ടേബിൾ ടോക്ക്, സെമിനാർ, ലഘുലേഖ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. ഖദീജ ടീച്ചർ അധ്യക്ഷതവഹിച്ചു. സി.പി. വാഹിദ സാലിഹ, റുക്സാന, നുസിഹത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ഹസീന ടീച്ചർ സ്വാഗതവും സംസ്ഥാന വൈ. പ്രസിഡന്റ് ഹലീമാ ഇസ്മായിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.