പുലിയോ പുലിപ്പൂച്ചയോ, തീര്‍പ്പാകാതെ അധികൃതര്‍
text_fieldsവടകര: താഴെ അങ്ങാടി മേഖലയില്‍ കണ്ട ജീവി പുലിയാണോ അതോ പുലിപ്പൂച്ചയാണോ എന്ന കാര്യത്തില്‍ ഉറപ്പുവരുത്താനാവാതെ അധികൃതര്‍. ഇതോടെ, ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാത്രിയാണ് കസ്റ്റംസ്റോഡ് പരിസരത്ത് പുലിയെ കണ്ടതായി പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് താഴെ അങ്ങാടി ഭാഗത്ത് കണ്ടതായി പറയുന്നത്. തുടര്‍ന്ന്, നാട്ടുകാര്‍ സംഘടിച്ച് പരിശോധന നടത്തി. ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി വനംവകുപ്പ് ജീവനക്കാരെത്തി പോയതിനുശേഷമാണ് വീണ്ടും പുലിയെ കണ്ടത്. തുടര്‍ന്ന്, താമരശേരിയില്നിന്നെത്തിയ വനംവകുപ്പിലെ റാപിഡ് റെസ്പോണ്‍സ് ടീം പുലിയെ കണ്ടതായി പറയുന്ന പ്രദേശങ്ങളില്‍ പരിശോധന നടത്തി.
പുലിയെപ്പോലെ തോന്നിക്കുന്ന പുലിപ്പൂച്ചയാവാനാണ് സാധ്യതയെന്നാണ് സംഘം പറയുന്നത്. എന്നാല്‍, പുലിയല്ലെന്ന് തറപ്പിച്ചു പറയാനും കഴിയില്ലെന്നാണിവരുടെ നിലപാട്. പുലിയാണെന്ന് വ്യക്തമാവുന്ന തരത്തിലുള്ള കാല്പാടുകളോ രോമമോ കെണ്ടത്താന്‍ കഴിഞ്ഞിട്ടില്ല. പുലിപ്പൂച്ച മനുഷ്യനെ ഉപദ്രവിക്കുന്ന ജീവിയല്ല. നായകളെപ്പോലെയുള്ള ജീവികളെ ഭക്ഷണമാക്കുകയും ചെയ്യും. എങ്കിലും രാത്രി പുറത്തിറങ്ങുമ്പോള്‍ കരുതിയിരിക്കണമെന്നാണ് അധികൃതര്‍ നല്കുന്ന ഉപദേശം.
ഇവയെ കെണ്ടത്തിയാല്‍ ഫോട്ടോയെടുത്താല്‍ തുടര്‍ പരിശോധനക്ക് ഉപകാരപ്പെടുമെന്ന് അധികൃതര്‍ പറയുന്നു. തുടര്‍ച്ചയായി പുലിയെ കാണുന്നുവെന്ന വിവരം ഈ മേഖലയില്‍ വലിയ ഭീതിക്കു കാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ജാഗ്രതയോടെ കാവല്‍നിന്ന് ജനങ്ങളുടെ ഭയം അകറ്റാനാണ് യുവാക്കളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.