വടകര ടീച്ചർ എജുക്കേഷൻ സെന്റർ; വൈദ്യുതി വിച്ഛേദിച്ചിട്ട് 20 ദിവസം
text_fieldsവടകര: വടകരയിലെ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിട്ട് 20 ദിവസം പിന്നിടുന്നു. വിദ്യാർഥികളുടെ പoനം അവതാളത്തിലായതോടെ രക്ഷിതാക്കൾ പരാതിയുമായി ഗവർണർക്ക് മുന്നിലേക്ക്. യൂനിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ ഗവർണറെ സമീപിക്കാനൊരുങ്ങുന്നത്. അഞ്ച് ലക്ഷത്തിൽപരം രൂപ കുടിശ്ശികയായതോടെയാണ് സെന്ററിന്റെ വൈദ്യുതി വിച്ഛേദിച്ചതെന്നാണ് വൈദുതി വകുപ്പിന്റെ വിശദീകരണം. താരിഫ് സ്ലാബ് മാറ്റിയതിനെച്ചൊല്ലിയുള്ള തർക്കമാണ് വൈദ്യുതി വിച്ഛേദിക്കുന്നിടത്ത് കാര്യങ്ങളെത്തിച്ചതെന്നാണ് യൂനിവേഴ്സിറ്റിയുടെ നിലപാട്.
സെന്ററിലെ താരിഫ് ആറ് എ വിഭാഗത്തിലായിരുന്നു. എന്നാൽ, അൺ എയ്ഡഡ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആറ് എഫ് താരിഫിലേക്ക് മാറ്റണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ ഈ സെന്ററിനെ കെ.എസ്.ഇ.ബി ആറ് എഫ് താരിഫിലേക്ക് മാറ്റി. ഇതിനു മുൻകാല പ്രാബല്യവും നൽകിയതോടെ 2015 മുതൽ 2022 വരെയുള്ള കുടിശ്ശിക അഞ്ച് ലക്ഷം കവിഞ്ഞു. എന്നാൽ, സർക്കാറിന്റെ ഭാഗമായ യൂനിവേഴ്സിറ്റിക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് 2022ൽ സർക്കാർ അറിയിച്ചിരുന്നു. ഇതോടെ ഉത്തരവിന് മുമ്പുള്ള തുക നിർബന്ധമായും അടക്കണമെന്ന് കെ.എസ്.ഇ.ബി നോട്ടീസ് നൽകി.
ഈ തുക അടക്കാൻ കഴിയില്ലെന്ന് യൂനിവേഴ്സിറ്റിയും തുക അടച്ചാൽ മാത്രമേ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കൂവെന്ന് കെ.എസ്.ഇ.ബിയും നിലപാടെടുത്തതോടെ വിദ്യാർഥികൾ ദുരിതത്തിലായി. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന സമയത്താണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. വൈദ്യുതിയില്ലാതായതോടെ കമ്പ്യൂട്ടറും മറ്റും പ്രവർത്തിക്കേണ്ട ആവശ്യത്തിലേക്ക് വിദ്യാർഥികൾ പണം സ്വരൂപിച്ച് ജനറേറ്റർ വാടകക്കെടുത്താണ് പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്. പരീക്ഷ ഹാൾ ഒഴികെ മറ്റിടങ്ങളിലെല്ലാം നിലവിൽ കൂരിരുട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.