തെരഞ്ഞെടുപ്പിന് ശേഷവും പരിഹാരമായില്ല; വടകരയിൽ ഗതികിട്ടാതെ ഇലക്ട്രിക് ഓട്ടോകള്‍
text_fieldsവടകര: സര്‍ക്കാര്‍ തലത്തിലുള്ള അനുമതികളുണ്ടെങ്കിലും വടകരയിലും ഇലക്ട്രിക് ഓട്ടോറിക്ഷയുടെ സര്‍വിസ് പ്രതിസന്ധിയില്‍. കഴിഞ്ഞമാസം 23ന് ഇലക്ട്രിക് ഓട്ടോറിക്ഷ സര്‍വിസ് ചെയ്യുന്നതിനെതിരെ വി.എം പെര്‍മിറ്റുള്ള വടകരയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ രംഗെത്തത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
അന്ന്, പ്രശ്നത്തിലിടപെട്ട പൊലീസും മറ്റ് അധികാരികളും തെരഞ്ഞെടുപ്പിനുശേഷം പരിഹാരം കാണാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നടപടികള്‍ ഒന്നുമായില്ലെന്നാണ് ആക്ഷേപം. വടകര ടൗണ്‍ കേന്ദ്രീകരിച്ച് 30 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് നിലവിലുള്ളത്. എന്നാല്‍, നഗരത്തില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ പ്രതിഷേധം ഉള്ളൂ. ഗ്രാമങ്ങളില്‍ നല്ല സ്വീകരണമാണുള്ളതെന്ന് പറയുന്നു.
ഓട്ടോറിക്ഷകള്‍ക്കുള്ള വടകര മുനിസിപ്പല്‍ പെര്‍മിറ്റായ വി.എം പെര്‍മിറ്റ് ഇല്ലാത്ത സാഹചര്യത്തിലാണ് ഇലക്ട്രിക് ഓട്ടോകളെ തടയുന്നതെന്നാണ് പറയുന്നത്. എന്നാല്‍, നിലവില്‍ ഇലക്ട്രിക് ഓട്ടോകളുള്ള പലരും നേരേത്ത വി.എം പെര്മിറ്റുള്ളവരായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയില്‍ ജീവിതം വഴിമുട്ടിയപ്പോള്‍, വി.എം പെര്‍മിറ്റുള്ള ഓട്ടോ വിറ്റാണ് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങിയതെന്നും ഇത്തരമൊരു പൊല്ലാപ്പായി മാറുമെന്ന് മനസ്സിലാക്കിയില്ലെന്നും അവർ പറയുന്നു. 2,80,000 രൂപ ചെലവിട്ടാണ് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങിയത്.
നിലവില്‍ ഓട്ടോസ്റ്റാൻഡില്‍ നിര്‍ത്താതെ ചിലര്‍ സര്‍വിസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിടിച്ചുനില്ക്കാന് കഴിയുന്നില്ലെന്ന് ഡ്രൈവര്‍ പറയുന്നു. പുതിയ സംരംഭമായതിനാല്‍ ഇവര്‍ക്കായി പ്രത്യേകിച്ച് യൂനിയനുകളില്ല. നിലവിലുള്ള തൊഴിലാളി സംഘടനകളില്‍ ഭൂരിഭാഗവും പെര്‍മിറ്റില്ലാതെ സര്‍വിസ് നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായം പറയുന്നവരാണ്. എന്നാല്‍, ഈ മാസംതന്നെ പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു.
2000ത്തിലേറെ വി.എം പെര്‍മിറ്റുള്ള ഓട്ടോകള്‍ വടകരയിലുണ്ട്. പുതിയ സാഹചര്യത്തിൽ, ഇവക്കുതന്നെ ആവശ്യത്തിന് സര്‍വിസ് ലഭിക്കുന്നില്ലെന്നും പുതിയ ഓട്ടോകള്‍ വരുന്നതുകൊണ്ട് ഈ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടക്കുമെന്നും അഭിപ്രായപ്പെടുന്നവർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.