ജൽ ജീവൻ മിഷൻ പദ്ധതി; താൽക്കാലിക അറ്റകുറ്റപ്പണി ഡിസംബറിൽ പൂർത്തീകരിക്കും
text_fieldsവടകര: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വടകര താലൂക്കിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പൊളിച്ചിട്ട റോഡുകളുടെ താൽക്കാലിക അറ്റകുറ്റപ്പണി ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റോഡുകളുടെ പൂർണമായ പ്രവൃത്തികൾ 2025 മാർച്ചിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുറ്റ്യാടി മണ്ഡലത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച പൊതുമരാമത്ത് റോഡുകളിൽ 38 കിലോമീറ്ററും പഞ്ചായത്ത് റോഡുകളിൽ 625.50 കിലോമീറ്ററും പുനരുദ്ധാരണം നടത്തേണ്ടതുണ്ട്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി 48,821 കണക്ഷൻ നൽകുന്നതിന് 521.97 കോടി രൂപയുടെ ഭരണാനുമതിയാണ് ജൽ ജീവൻ മിഷൻ പദ്ധതിയിൽ അനുവദിച്ചത്. നിലവിൽ 6807 കണക്ഷനുകൾ നൽകിയിട്ടുണ്ട്. പുറമേരി, വേളം, വില്യാപ്പള്ളി പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷനിൽ പെടുത്തി പുതിയ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. പഞ്ചായത്തുകളിൽ വിതരണ ശൃംഖലയും ജലസംഭരണികളും സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നുവരുകയാണ്. കിണർ ശുദ്ധീകരണശാല, പ്രധാന പൈപ്പ് ലൈൻ എന്നിവയുടെ പ്രവൃത്തികൾ ആരംഭിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കാത്തതിനാൽ പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. ആയഞ്ചേരി, മണിയൂർ, തിരുവള്ളൂർ പഞ്ചായത്തുകളിൽ വിതരണ ശൃംഖല സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നുവരുകയാണ്. കിണർ, ശുദ്ധീകരണശാല, പ്രധാന പൈപ്പ് ലൈൻ, ബൂസ്റ്റർ സ്റ്റേഷൻ, ജലസംഭരണികൾ എന്നിവ നിർമിക്കാൻ നിരവധി തവണ ടെൻഡർ ചെയ്തെങ്കിൽ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുത്തിട്ടില്ല.
പ്രവൃത്തി വീണ്ടും ടെൻഡർ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. കുന്നുമ്മൽ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തീകരിച്ചു. റോഡ് പുനരുദ്ധാരണവും കണക്ഷൻ നൽകുന്ന പ്രവൃത്തികളും പൂർത്തീകരിച്ച് ഹർഘർജൽ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റ്യാടി പഞ്ചായത്തിൽ 75 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.