കല്ലാമല: തര്‍ക്കം ഒഴിഞ്ഞെങ്കിലും മുല്ലപ്പള്ളി 'പ്രതിക്കൂട്ടില്‍'തന്നെ
text_fieldsവടകര: രണ്ടാഴ്ച നീണ്ടുനിന്ന വിവാദത്തിനൊടുവില്‍ വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ന്നു. വ്യാഴാഴ്ച രാവിലെ കാലിക്കറ്റ് പ്രസ് ക്ലബിലാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് വാര്‍ത്തസമ്മേളനത്തിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാറി നില്‍ക്കുമെന്ന് അറിയിച്ചത്. എന്നാല്‍, കോഴിക്കോട് വാര്‍ത്തസമ്മേളനം നടക്കുമ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ജയകുമാര്‍ പ്രചാരണരംഗത്തായിരുന്നു. ഈ രീതിയില്‍ യു.ഡി.എഫില്‍ രാഷ്ട്രീയ പ്രതിസന്ധി തീര്‍ത്തത് മുല്ലപ്പള്ളി രാമചന്ദ്രെൻറ നിലപാടുകളാണെന്നാണ് യു.ഡി.എഫ് നേതാക്കള്‍തന്നെ പറയുന്നത്.
പുതിയ സാഹചര്യത്തില്‍ പരസ്യപ്രതികരണത്തിനു മുതിരാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് വടകര ബ്ലോക്ക് പരിധിയില്‍ യു.ഡി.എഫ്- ആര്.എം.പി.ഐ നേതൃത്വം നല്കുന്ന ജനകീയ മുന്നണി. കല്ലാമല ഡിവിഷന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്നതോടെത്തന്നെ യു.ഡി.എഫിനകത്തും കോണ്‍ഗ്രസിനകത്തും വലിയ ചര്‍ച്ച നടന്നു. ഒടുവില്‍, സ്ഥാനാര്‍ഥിക്ക് കൈപ്പത്തി ചിഹ്നം ലഭിക്കുന്ന സാഹചര്യം കൂടിയായതോടെ കെ. മുരളീധരന് എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായെത്തി.
തര്‍ക്കം തീരാത്ത സാഹചര്യത്തില്‍ വടകര ബ്ലോക്ക് പരിധിയില്‍ പ്രചാരണത്തിനിറങ്ങില്ലെന്നായി മുരളീധരെൻറ പ്രഖ്യാപനം. ഇതിനുപുറമെ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ ജനകീയ മുന്നണിക്കൊപ്പം നിലയുറപ്പിച്ചു. ഒടുവില്‍, ഒറ്റപ്പെടുമെന്ന സാഹചര്യം വന്നപ്പോഴാണ് മുല്ലപ്പള്ളി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്ന് പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഓര്‍ക്കാട്ടേരിയില്‍ മതേതര സംഗമം നടത്തിയപ്പോള്‍ അന്നത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന് പങ്കെടുത്തതിെൻറ പേരില്‍ മുല്ലപ്പള്ളി വിശദീകരണം ചോദിച്ചിരുന്നു. സി.പി.എമ്മുമായി ചേര്‍ന്ന് നടത്തിയ പരിപാടിയെന്ന നിലയിലായിരുന്നു നടപടി. എന്നാല്‍, എല്ലാ മതേതരകക്ഷികളും പൊതുവിഷയത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കുമ്പോള് കോണ്‍ഗ്രസ് മാറിനില്‍ക്കണമെന്ന് തീരുമാനിക്കുന്നത് യു.ഡി.എഫിനകത്തുതന്നെ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പ്രാദേശികതലത്തില്‍ ഡി.സി.സി അനുമതിയോടെ നടത്തുന്ന പരിപാടികളില്‍പോലും കെ.പി.സി.സിയുടെ ഇടപെടലിനെതിരെ കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പുകള്‍ക്കതീതമായ പ്രതിഷേധമുണ്ട്. കല്ലാമല പ്രശ്നം താൽക്കാലികമായി ഒഴിഞ്ഞെങ്കിലും മുല്ലപ്പള്ളി പ്രതിക്കൂട്ടില്തന്നെയാണെന്നാണ് പറയുന്നത്.
നേതൃത്വം ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രചാരണം നിര്‍ത്തിവെക്കുകയാണെന്ന് കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ജയകുമാര്‍ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ നേതൃത്വവുമായി ചേര്‍ന്ന് ആലോചിക്കും. തന്നെ മറയാക്കി കെ.പി.സി.സി പ്രസിഡൻറിനെ ആക്രമിക്കുന്നത് ശരിയല്ല. എന്നെ ഉപകരണമാക്കി മാറ്റരുത്. പാര്‍ട്ടിയുടെ നല്ല പ്രയാണത്തില്‍ കൂടെയുണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.