കാരോത്ത് റെയിൽവേ മേൽപാലം; ഗർഡറുകൾ സ്ഥാപിക്കൽ അവസാന ഘട്ടത്തിലേക്ക്
text_fieldsവടകര: മാഹി ബൈപാസ് നിർമാണത്തിന്റെ ഭാഗമായുള്ള കാരോത്ത് റെയിൽവേ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കൽ അവസാനഘട്ടത്തിലേക്ക്. റെയിൽവേയുടെ അനുമതി ലഭ്യമായതോടെ ലൈനിന് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്തെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ത്വരിത ഗതിയിൽ പുരോഗമിക്കുകയാണ്.
പ്രവൃത്തിയുടെ ഭാഗമായി നേരത്തെ ഒരു തവണ അടച്ച കാരോത്ത് റെയിൽവേ ഗേറ്റ് തുറന്ന് നൽകിയിരുന്നു. നിർമാണ പ്രവൃത്തി പുനരാരംഭിച്ചതോടെ വീണ്ടും അടച്ചുപൂട്ടിയാണ് പ്രവൃത്തി നടത്തുന്നത്. 41 ഗർഡറുകളാണ് റെയിൽവെ മേൽപാലം നിർമാണത്തിന് ആവശ്യമുള്ളത് ഭൂരിഭാഗവും സ്ഥാപിച്ചിട്ടുണ്ട്.
നിർമാണ പ്രവൃത്തിയുടെ ഭാഗമായി ഈ ഭാഗങ്ങളിൽ ട്രെയിൻ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ചെന്നൈയിൽനിന്ന് നിർമാണം പൂർത്തിയാക്കിയാണ് ഗർഡറുകൾ എത്തിച്ചത്. 2018ലാണ് ബൈപാസിന്റെ നിർമാണത്തിന് തുടക്കമായത്. കോവിഡും വെള്ളപ്പൊക്കവും പ്രവൃത്തിയെ ബാധിച്ചിരുന്നു.
30 മാസം കൊണ്ട് പണി പൂർത്തിയാക്കി പാത ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നായിരുന്നു നിർമാണം ഏറ്റെടുത്ത കമ്പനിയുമായുള്ള കരാർ.
സ്ഥലം ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്നത്. ബൈപാസിന്റെ ഭാഗമായി നാല് പാലങ്ങളും 22 അടിപ്പാതകളും പൂർത്തിയായി. റോഡിൽ അടയാളപ്പെടുത്തൽ, പെയിന്റിങ്, തിരിച്ചറിയാനുള്ള ബോർഡ്, റിഫ്ലക്ടർ എന്നിവയും കഴിഞ്ഞു.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂർ വരെയാണ് 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമിക്കുന്നത്. നവംബറിൽ പാത തുറന്ന് കൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ, റെയിൽവേ മേൽപാലം പണി നീളാനുള്ള സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.