വടകരയിൽ വിജയരമ
text_fieldsവടകര: ഇടതുതരംഗത്തിലും നിയമസഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽനിന്ന് യു.ഡി.എഫ് പിന്തുണയിൽ ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമ തെരഞ്ഞെടുക്കപ്പെട്ടത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി.
ടി.പി. ചന്ദ്രശേഖരെൻറ രക്തസാക്ഷിത്വത്തിന് സി.പി.എം അണികളിലുണ്ടായ അമർഷം കെട്ടടങ്ങിയിട്ടില്ലെന്നാണ് വിജയം നൽകുന്ന സൂചന. സി.പി.എമ്മിെൻറ പ്രധാന കേന്ദ്രങ്ങളിലടക്കമുണ്ടായ വോട്ടുചോർച്ച ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എൽ.ഡി.എഫിലെ മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്കാണ് രമ പരാജയപ്പെടുത്തിയത്.
നേരത്തെ വടകരയിൽനിന്ന് ജയിച്ചുകയറിയിരുന്ന സി.കെ. നാണുവിനെ മാറ്റിയപ്പോൾ മനയത്ത് ചന്ദ്രന് നറുക്കു വീഴുകയായിരുന്നു.
പല പ്രമുഖരെയും പിന്തള്ളി സ്ഥാനാർഥിയായി മനയത്ത് മാറിയെങ്കിലും സംഘടനക്കകത്ത് നിലനിന്നിരുന്ന വിഭാഗീയത പരിഹരിക്കാൻ കഴിയാതെപോയത് പതനത്തിന് ആക്കം കൂട്ടി.
മുഖ്യമന്ത്രി അടക്കമുള്ള കേന്ദ്ര നേതാക്കൾ പ്രചാരണത്തിന് എത്തി സംഘടന ബലം മുഴുവൻ വടകരയിൽ കേന്ദ്രീകരിച്ചെങ്കിലും വൻ ഭൂരിപക്ഷത്തിൽ രമ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
വോട്ടെണ്ണലിെൻറ ആദ്യാവസാനം വരെ ലീഡ് നിലനിർത്താൻ കഴിഞ്ഞത് മികച്ച നേട്ടമാണ്. കെ.കെ. രമയുടെ വിജയം പുതിയ രാഷ്ട്രീയ സാഹചര്യത്തിന് വഴിതെളിയിച്ചിട്ടുണ്ട്.
അടുത്തകാലത്തായി ആർ.എം.പി വടകരയിൽ മാത്രം ഒതുങ്ങിനിന്ന രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്ന കാഴ്ചയായിരുന്നെങ്കിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ രമയുടെ വിജയം ഏറെ ചർച്ച ചെയ്യപ്പെടും.
ടി.പി. സ്മൃതിമണ്ഡപത്തിൽ ഈറനണിഞ്ഞ്
വടകര: വിജയത്തിൽ ആഹ്ലാദിക്കുമ്പോഴും ടി.പിയുടെ ഓർമകളിൽ കെ.കെ. രമ പതറുന്നത് കാഴ്ചക്കാരിൽ നൊമ്പരമായി. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം വോട്ടെണ്ണല്‍ കേന്ദ്രമായ മടപ്പള്ളി കോളജില്‍നിന്ന് വീട്ടിലെത്തിയ രമ ടി.പിയുടെ ശിൽപത്തിന് മാല ചാര്‍ത്തി. ഏറെ നേരം ശിൽപത്തിെൻറ കൈപിടിച്ച് തലകുനിച്ചു നിന്ന രംഗം ചുറ്റിലും നിന്നവരെ പോലും ഇൗറനണിയിച്ചു. അക്രമരാഷ്ട്രീയത്തിനും അനീതിക്കുമെതിരെയുള്ള ജനാധിപത്യത്തിെൻറ വിജയമാണ് വടകരയിലേതെന്ന രമയുടെ വാക്കുകൾ ദൃഢതയുള്ളതായിരുന്നു. വിജയത്തിൽ ആദ്യം സന്തോഷം പങ്കുവെച്ചത് മകൻ അഭിനന്ദ്, പിതാവ് കെ.കെ. മാധവന്, മാതാവ് ദാക്ഷായണി എന്നിവരുമായിട്ടായിരുന്നു. വിജയ വിവരം അറിഞ്ഞെത്തിയ നാട്ടുകാരും സഹപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു.
കെ.കെ. രമ
വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐയില്‍ സജീവമായി. എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനുമായുള്ള വിവാഹശേഷം, വീട്ടമ്മയുടെ വേഷത്തില്‍. 2008ല്‍ ആര്.എം.പി.ഐ രൂപവത്കരിച്ചതോടെ, ടി.പിക്കൊപ്പം പുതിയ രാഷട്രീയ വഴിയില്‍. 2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടതോടെ പാര്‍ട്ടിയുടെ നേതൃനിരയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.