കുടുംബശ്രീ കാന്റീൻ ക്ലോക്ക് റൂം വാടകക്ക്
text_fieldsവടകര: നഗരസഭക്ക് കീഴിലെ കുടുംബശ്രീ കാന്റീനും, പുതിയ ബസ് സ്റ്റാൻഡിലെ ക്ലോക്ക് റൂമും വാടകക്ക് നൽകിയതിൽ നഗരസഭയുടെ വരുമാനം ചോർന്നുപോകുന്നതായി പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാവ് വി.കെ. അസീസാണ് കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിച്ചത്. നഗരസഭക്ക് വരുമാനം വർധിപ്പിക്കാനുള്ള നിർദേശവുമായി സെക്രട്ടറിയടക്കമുള്ളവർ മുന്നോട്ട് പോകുമ്പോൾ ചില സ്ഥാപനങ്ങളിൽനിന്നും വരുമാനം ചോർന്നുപോകുകയാണെന്നും ഇദ്ദേഹം പറഞ്ഞു. 20 രൂപക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ആരംഭിച്ച കുടുംബശ്രീ കാന്റീനിൽ നിലവിൽ കൂൾ ബാറും, ഫാസ്റ്റ് ഫുഡ് സംവിധാനവുമാണുള്ളത്. പുതിയ ബസ് സ്റ്റാൻഡിലെ ക്ലോക്ക് റൂമിൽ ലോട്ടറി കച്ചവടം, കടല കച്ചവടം, ഇതിന് പുറമെ അനധികൃത നിർമാണം നടത്തി ആളെ താമസിപ്പിക്കുന്നതായും അസീസ് ആരോപിച്ചു.
സർക്കാർ പദ്ധതി പ്രകാരം 20 രൂപക്ക് ഉച്ചഭക്ഷണം നൽകാൻ സൗജന്യമായാണ് നഗരസഭ സ്ഥലം അനുവദിച്ചത്. എന്നാൽ, ഈ കെട്ടിടത്തോടനുബന്ധിച്ച് സ്ഥലം കൈയേറി അനധികൃത നിർമാണം നടത്തി കൂൾ ബാറും, ഫാസ്റ്റ് ഫുഡ് സംവിധാനവും പ്രവർത്തിപ്പിക്കുകയാണ്. സ്വകാര്യ വ്യക്തി ഇത് സംബന്ധിച്ച് നഗരസഭക്ക് നൽകിയ പരാതിയിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധന നടത്തി ഒരു ലക്ഷം രൂപ അഡ്വാൻസും 12,000 രൂപ വാടകയും ഈടാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം കൗൺസിലിൽ വന്നില്ലെന്നു പറഞ്ഞു.
അടുത്ത കൗൺസിലിൽ ഈ വിഷയം അജണ്ടയായി ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൻ കെ.പി. ബിന്ദു പറഞ്ഞു. ദേശീയ പാതയുടെ നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ പൊളിച്ചുമാറ്റിയതിനാൽ വീരഞ്ചേരി, പൂവാടൻ ഗെയ്റ്റ്, കരിമ്പനപ്പാലം, പാലോളിപ്പാലം എന്നിവിടങ്ങളിൽ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയതായും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി നടപടി സ്വീകരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. അജിത ചീരാം വീട്ടിൽ, കെ. നിഷ, പി.കെ.സി. അഫ്സൽ, ടി.വി. ഹരിദാസൻ, പി.കെ. സതീശൻ, റീജ പറമ്പത്ത്, പി.വി. ഹാഷിം, പി. രജനി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.