കുഞ്ഞാലിമരക്കാർ പാലം എന്ന് യാഥാർഥ്യമാകും
text_fieldsവടകര: വടകരയുടെ ടൂറിസം ഭൂപടത്തിൽ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന കുഞ്ഞാലിമരക്കാർ പാലത്തിനായി കാത്തിരിപ്പ്. ടൂറിസ്റ്റ് കേന്ദ്രമായ സാൻഡ് ബാങ്ക്സിനെയും ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിനെയും ബന്ധിപ്പിച്ച് ആസൂത്രണം ചെയ്ത പാലം വടകരയിലെ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന പദ്ധതിയാണ്. ഇരുകരകളെയും ബന്ധിപ്പിച്ചുള്ള പാലം ഏറെക്കാലമായുള്ള ആവശ്യമാണ്. ടൂറിസം രംഗത്തെ വിദഗ്ധർ ഇത്തരമൊരാശയം മുന്നോട്ടുവെച്ചിരുന്നു.
നിലവിൽ തീരദേശ ഹൈവേയുടെ ഭാഗമായാണ് പാലം വരുന്നത്. വടകരയിലെ രണ്ട് വിനോദ സഞ്ചാരമേഖലയെ ബന്ധിപ്പിക്കുന്നതിന് പുറമെ, കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിലേക്കുള്ള എളുപ്പവഴി തുറക്കും. വടകര നഗരസഭയിലെ അഴിത്തലക്കാര്ക്കും പയ്യോളി നഗരസഭയിലെ കോട്ടക്കല്‍ പ്രദേശത്തുകാര്‍ക്കും 10 കി.മീറ്റര്‍ ചുറ്റി യാത്രചെയ്യേണ്ട ദുരവസ്ഥയാണ് പാലം വരുന്നതോടെ ഒഴിവാകുക.
കോട്ടപ്പുഴയില്‍ 520 മീറ്റര്‍ നീളത്തിലാണ് പാലം നിർമിക്കുക. പാലം നിർമാണത്തിന് 56 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. പാലത്തിന് അഴിത്തല ഫിഷ് ലാൻഡിങ് സെന്ററിനോട് ചേര്‍ന്ന ഭാഗമാണ് കണ്ടെത്തിയത്.
പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി കഴിഞ്ഞ നവംബറിൽ പൂർത്തിയായിരുന്നു. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായാൽ നിർമാണത്തിന് തുടക്കമാവും. 17 മീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. 15.65 മീറ്റർ വീതിയിലാണ് തീരദേശ ഹൈവേ റോഡ് നിർമാണം നടക്കുക. 110 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും.
ക്രാഫ്റ്റ് വില്ലേജ് കേന്ദ്രീകരിച്ച് വിനോദ സഞ്ചാര ബോട്ട് സര്‍വിസുള്ള പുഴയില്‍ ജലഗതാഗത സൗകര്യം സുഗമമാക്കുന്ന രീതിയിലാണ് പാലം നിർമിക്കുക. വടകര മേഖലയില്‍ ലോകനാര് കാവ്, തച്ചോളി മാണിക്കോത്ത്, സാൻഡ് ബാങ്ക്സ്, കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരകം, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് എന്നിവയെ ബന്ധിപ്പിച്ച് ഗതാഗത സൗകര്യം ഒരുക്കുന്നതോടെ കാഴ്ചയുടെ സൗന്ദര്യവും ചരിത്ര പ്രാധാന്യവും തിരിച്ചറിഞ്ഞ് വിനോദ സഞ്ചാരികൾക്ക് യാത്ര തിരിക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.