സ്ഥലമെടുപ്പ്: ഹൈകോടതി വിധി തിരിച്ചടി; ദേശീയപാത വികസനം നീളും
text_fieldsവടകര: ജില്ലയിൽ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഹൈകോടതി വിധികൾ ജില്ല ഭരണകൂടത്തിനും ദേശീയപാത അതോറിറ്റിക്കും തിരിച്ചടിയെന്ന് ആക്ഷേപമുയരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിൽ നടന്നത് നിയമവിരുദ്ധ നടപടികളാണെന്ന ഹൈകോടതിയുടെ കണ്ടെത്തലാണ് ഇതിനു കാരണമായത്.
കച്ചവടക്കാർക്കും വീട് നഷ്ടപ്പെടുന്നവർക്കുമുള്ള നഷ്ടപരിഹാരം, കെട്ടിടങ്ങളുടെ വില നിർണയം എന്നിവയിൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി കോടതി വിധികളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതുമൂലം പാത വികസനം അനിശ്ചിതമായി നീളുമെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
ദേശീയപാത വികസനത്തിെൻറ ഭാഗമായി ജില്ലയിൽ വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകി മാത്രമേ കുടിയൊഴിപ്പിക്കാൻ പാടുള്ളൂവെന്നാണ് ഹൈകോടതി വിധി. ദേശീയപാത കർമസമിതി നേതൃത്വത്തിൽ കുടിയൊഴിക്കപ്പെടുന്നവർ നൽകിയ റിട്ട് ഹരജിയിലാണ് കഴിഞ്ഞ മാസം വിധി ഉണ്ടായത്.
ജില്ലയിൽ മാത്രം നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയെ തുടർന്ന് നൽകിയ ഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്. അഴിയൂർ വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിെൻറ ഭാഗമായി 1200ലധികം വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. വ്യാപാരികൾക്കുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെ ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യം.
നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ സർക്കാർ നിയോഗിച്ച സ്വകാര്യ കൺസൽട്ടൻസിയുടെ അളവുകളിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതികൾക്ക് പരിഹാരം ഉണ്ടായിട്ടില്ല.
വ്യാപാരികൾക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും തൊഴിലാളികൾക്ക് 6000 രൂപയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 75 കോടി അനുവദിക്കണമെന്ന ആവശ്യത്തിന് എൻ.എച്ച്.എ.ഐ മറുപടി നൽകിയിട്ടില്ല.
ദേശീയപാതയുടെ ഘടന സംബന്ധിച്ചും വിവരങ്ങൾ നൽകിയിട്ടില്ല. ദേശീയപാത 45 മീറ്ററിലാണ് വികസിപ്പിക്കുന്നത്. ഇരു ഭാഗങ്ങളിലും കെട്ടിട നിർമാണത്തിന് മാനദണ്ഡങ്ങൾ ഉണ്ട്. ഇതുപ്രകാരം 60 മീറ്ററിൽ ദേശീയപാത വികസനം എത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. ജില്ല ഭരണ കൂടത്തിെൻറ നിയമവിരുദ്ധ നിലപാടുകൾക്കെതിരെ ഹൈകോടതിയിൽനിന്ന് ലഭിച്ച തുടരെയുള്ള വിധികൾ പൊതുസമൂഹത്തിെൻറ വിമർശനത്തിന് കാരണമാകുമെന്ന് കർമസമിതി ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകി ദേശീയപാത വികസനം യാഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ സി.വി. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, അബു തിക്കോടി, കെ. കുഞ്ഞിരാമൻ, പി. സുരേഷ്, പി.കെ. കുഞ്ഞിരാമൻ, രാമചന്ദ്രൻ പൂക്കാട്, അഹമ്മദ് വടകര, പി. സുരേഷ്, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.