മൂരാട് ദേശീയ പാതയോരത്ത് മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി
text_fieldsവടകര: ദേശീയ പാതയിൽ മൂരാട് ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപം മണ്ണിടിച്ചിലിൽ വൈദ്യുതിത്തൂണടക്കം നിലംപതിച്ചു. രാവിലെ ഏഴുമണിയോടെയാണ് ദേശീയപാതയുടെ നിർമാണം നടക്കുന്ന ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. വലിയ മൺതിട്ടകളും കല്ലും അടുത്തിടെ മാറ്റിസ്ഥാപിച്ച വൈദ്യുതിത്തൂണും ദേശീയപാതയിലേക്ക് പതിച്ചു.
20 മീറ്ററോളം ഭാഗം ഇടിഞ്ഞുതാഴുകയുണ്ടായി. സാധാരണയായി ദീർഘദൂര വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് മണ്ണും കല്ലും പതിച്ചത്. സംഭവം നടക്കുമ്പോൾ വാഹനങ്ങൾ ഈ ഭാഗത്ത് പാർക്ക് ചെയ്യാത്തതിനാൽ അപകടം ഒഴിവായി. മണ്ണിടിച്ചിലുണ്ടായ ഭാഗത്തിന് പുറമെ മറ്റിടങ്ങളിലും വിള്ളലുകൾ ഉണ്ടായിരുന്നു.
വൈകീട്ടോടെ ഈ ഭാഗങ്ങളും ഇടിഞ്ഞുതുടങ്ങി. മഴ ശക്തമാവുന്നതോടെ മണ്ണിടിച്ചിൽ രൂക്ഷമാവാൻ സാധ്യതയേറെയാണ്. ദേശീയപാതയുടെ പ്രവൃത്തി ഈ ഭാഗങ്ങളിൽ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പ്രവൃത്തി നടക്കുമ്പോൾ വൈദ്യുതിത്തൂണുകൾ ഉയർന്ന ഭാഗത്ത് അപകടത്തിനിടയാക്കുംവിധം മാറ്റിസ്ഥാപിച്ചിരുന്നു. ഈ ഭാഗത്ത് അപകടം പതിയിരിക്കുന്നുണ്ടെന്നും വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
അധികൃതർ തയാറായില്ല. അപകടക്കുരുക്ക് ചൂണ്ടിക്കാട്ടി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. മാറ്റിസ്ഥാപിച്ച തൂണുകളുടെ ചുവടെ നിന്നും മണ്ണ് ഇളകിയ നിലയിലായിരുന്നു. ആറോളം തൂണുകളാണ് ഇത്തരത്തിലുള്ളത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.