ഉപജീവനം വഴിമുട്ടി മത്സ്യത്തൊഴിലാളികൾ; അഫ്സലിന് നഷ്ടമായത് ജീവിതസമ്പാദ്യം
text_fieldsവടകര: മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ കരിനിഴൽവീഴ്ത്തി കടൽ കലിതുള്ളിയപ്പോൾ അഫ്സലിന് നഷ്ടമായത് ജീവിതസമ്പാദ്യം. വടകര മുകച്ചേരി തീരത്ത് വ്യാഴാഴ്ച അതിതീവ്ര തിരമാലയിൽപെട്ട് ഫൈബർ വള്ളങ്ങൾ തകർന്നടിഞ്ഞപ്പോൾ അഫ്സൽ കോട്ടക്കലിന്റ പുതിയ വള്ളം കടലിലിറക്കാനുള്ള മോഹമാണ് തകർന്നത്.
മത്സ്യബന്ധനത്തിലൂടെ കഠിനാധ്വാനംചെയ്ത് വാങ്ങിയ ഫൈബർ വള്ളം കടലിലിറക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് അഫ്സലിന്റെ മോഹങ്ങൾ തിരമാലകൾ തകർത്തത്.
പലരിൽനിന്നായി വാങ്ങിയതും മിച്ചംവെച്ചതുമായ സമ്പാദ്യം സ്വരൂപിച്ചാണ് വള്ളവും അനുബന്ധ സാമഗ്രികളും വാങ്ങിയത്. ഒരുമാസമായി വാങ്ങിയ വള്ളം ഫെബ്രുവരി 25ന് നീറ്റിലിറക്കാനായിരുന്നു തീരുമാനം.
അപ്രതീക്ഷിതമായാണ് കാലവർഷത്തെ ഓർമിപ്പിക്കുംവിധം കടൽ പ്രക്ഷുബ്ധമായി തിരമാലകളിൽപെട്ട് അഫ്സലിന്റ വള്ളം തകർത്തെറിഞ്ഞത്. ഇതോടൊപ്പം റിയാസ് എടത്തിൽ, മുഹമ്മദ് ചേരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളും തകർന്നു.
മൂന്ന് പേർക്കുമായി ആറു ലക്ഷം രൂപയോളമാണ് നഷ്ടമായത്. കടലിൽ മീനിന്റെ ദൗർലഭ്യതയും കാലാവസ്ഥാവ്യതിയാനവും കാരണം കടലിന്റെ മക്കൾ അനുഭവിക്കുന്ന യാതനകൾ വലുതാണ്.
ഇതിനിടെയാണ് ഇവർക്ക് താങ്ങാനാവാത്ത നഷ്ടമുണ്ടായത്. രണ്ട് വള്ളങ്ങൾ പൂർണമായി ചിതറിത്തെറിക്കുകയും ഒന്ന് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ഫിഷറീസ് വകുപ്പും മറ്റ് ബന്ധപ്പെട്ട അധികാരികളും സഹായങ്ങൾ നൽകിയാലേ കുടുംബത്തിന് രക്ഷപ്പെടാൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.