തെരഞ്ഞെടുപ്പ് ചൂടിലും ദേശീയപാതയിൽ സമരം തിളക്കുന്നു
text_fieldsവടകര: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും മുന്നേറുമ്പോൾ ദേശീയപാത സമരച്ചൂടിൽ. ചോമ്പാലയിൽ സമരസമിതിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച സമരം കടുത്ത ചൂടിനെ വകവെക്കാതെ മുന്നോട്ടുപോകുകയാണ്. ദേശീയപാതയിൽ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമിച്ച ഡ്രെയ്നേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടി അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരത്തിന് തുടക്കംകുറിച്ചത്. ദേശീയപാത വികസനത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അധികൃതർ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് സമരസമിതി പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയത്. കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കാൻ എലിവേറ്റഡ് പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സമരപ്രഖ്യാപന കൺവെൻഷൻ നടത്തി സമരം ശക്തമാക്കാൻ ജനകീയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ദേശീയപാതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞ ദിവസം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ കരാർ കമ്പനി തയാറാവാത്ത സ്ഥിതിയാണുള്ളത്. നിലവിൽ അനുവദിച്ച അടിപ്പാതക്കു പുറമെ പുതിയത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിൽക്കുകയാണ്. മടപ്പള്ളി, നാദാപുരം റോഡ് ഉൾപ്പെടെയുള്ള അടിപ്പാതകളുടെ കാര്യത്തിലും തീരുമാനം അനന്തമായി നീണ്ടുപോകുകയാണ്. ജനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് പാത വികസനം ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.