പാചക വാതകത്തിന് പൊള്ളുന്ന വില; നീറിപ്പുകഞ്ഞ് ഹോട്ടലുകള്‍
text_fieldsവടകര: നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പാചകവാതകത്തിനും വില കുത്തനെ ഉയർന്നതോടെ ഹോട്ടലുകളുടെ ഉള്ള് പുകയുന്നു. പാചക വാതകത്തിെൻറ വില അടുത്ത കാലത്തൊന്നുമില്ലാത്തത്ര വർധിച്ചത് ഹോട്ടലുകളെ കടുത്ത പ്രതിസന്ധിയിലാക്കി. 19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് 1,950 മുതൽ 2,126 രൂപ വരെയാണ് ഇപ്പോഴത്തെ വില. ചെറുകിട ഹോട്ടലുകളെയാണ് പാചക വാതക വില വർധന കൂടുതൽ പ്രതിസന്ധിയിലാക്കിയത്.
തട്ടുകടകളും ചെറുകിട ഹോട്ടലുകളും പിടിച്ചുനിൽക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ചെറുകിട ഹോട്ടലുകള്‍ അടക്കം വിറക് അടുപ്പിനോട് വിടപറഞ്ഞതോടെ ഗ്യാസ് അടുപ്പിലാണ് പാചകം ചെയ്യുന്നത്.
പിടിച്ച് നിൽക്കാൻ ഭക്ഷണവില വർധിപ്പിക്കേണ്ടിവരും. വില വർധിപ്പിച്ചാല്‍ കച്ചവടം കുറയുമെന്നതിനാൽ ഇതിനും കഴിയുന്നില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കോവിഡിനു ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന സമയത്താണ് വിലക്കയറ്റം ഹോട്ടല്‍ മേഖലയെയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നത്.
പച്ചക്കറിയുടെ നിയന്ത്രണമില്ലാത്ത വിലക്കയറ്റവും പ്രയാസം വർധിപ്പിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ പാർസൽ മാത്രം നൽകി മുന്നോട്ട് നീങ്ങിയിരുന്ന ഹോട്ടൽ മേഖലയിൽ ഇരുത്തി ഭക്ഷണം നൽകിത്തുടങ്ങിയത് അടുത്തിടെയാണ്. അപ്പോഴേക്കും ഇരുട്ടടിയായി പാചക വാതക നിത്യോപയോഗ സാധന വില വർധന മാറുകയാണ്. കോവിഡ് ഇളവുകളിൽ തുറന്ന ഹോട്ടലുകൾ തൊഴിലാളികളുടെ എണ്ണം പഴയതിൽ നിന്ന് വെട്ടിച്ചുരുക്കിയാണ് മുന്നോട്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.