യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി; വടകര റെയിൽവേ സ്റ്റേഷനിൽ ലഗേജ് ബുക്കിങും നിർത്തി
text_fieldsവടകര: പോസ്റ്റൽ വകുപ്പ് മെയിൽ സർവിസ് നിർത്തിയതിനു പിന്നാലെ ഇരുട്ടടിയായി വടകരയിൽ റെയിൽവേ ലഗേജ് ബുക്കിങ്ങും നിർത്തലാക്കി. ഫെബ്രുവരി 10 മുതലാണ് പ്രിൻസിപ്പൽ ചീഫ് കമേഴ്ഷ്യൽ മാനേജരുടെ ഉത്തരവ് പ്രകാരം വടകര റെയിൽവേ സ്റ്റേഷനിൽ ലഗേജ് ബുക്കിങ് നിർത്തലാക്കിയത്.
ദൂര യാത്രക്കാർക്ക് ഇനി അത്യാവശ്യ സാധനങ്ങൾ മാത്രമായിരിക്കും കൂടെ കൊണ്ടു പോവാൻ കഴിയുക. ബുക്ക് ചെയ്ത് ട്രെയിനിന്റെ ബ്രേക്ക് വാഗനിൽ സാധനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യം വടകരയിൽ ഇനി ലഭിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ജോലിക്കാർക്കും ഇരുചക്ര വാഹനമുൾപ്പെടെ ഇതുവഴി കൊണ്ടുപോകാൻ കഴിഞ്ഞിരുന്നു. ലഗേജ് ബുക്കിങ് നിർത്തലാക്കിയതോടെ ഇവർക്കും തിരിച്ചടിയായി.
ലഗേജ് ബുക്കിങ് സംവിധാനം രാജ്യത്തുടനീളം കോൺട്രാക്ട് സംവിധാനത്തിലേക്ക് മാറിയതോടെയാണ് വടകരയിൽ സാധനങ്ങൾ തീവണ്ടിയിൽ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള സൗകര്യം നഷ്ടമായത്. തീവണ്ടികൾക്ക് അഞ്ച് മിനിറ്റ് സ്റ്റോപ്പുള്ള റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഇനി മുതൽ ലഗേജ് ബുക്കിങ് സൗകര്യം യാത്രക്കാർക്ക് ലഭ്യമാവുകയുള്ളൂ. വടകരയിൽ മൂന്നു മിനിറ്റാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. പാർസൽ ബുക്കിങ് സംവിധാനം നേരത്തേ നഷ്ടമായിരുന്നു. കോടികളുടെ വികസനം നടത്തി ‘അമൃത് ഭാരത്’ സ്റ്റേഷനാവാൻ തയാറെടുക്കുകയാണ് വടകര റെയിൽവേ സ്റ്റേഷൻ. എന്നാൽ, വികസനത്തിന്റെ ഗുണം സാധാരണ യാത്രക്കാർക്ക് ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
റെയിൽവേ കുടിയിറക്കിയതിനാൽ ആർ.എം.എസ് സംവിധാനം വടകരക്ക് നഷ്ടമായിരുന്നു. യാത്രക്കാർക്ക് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സൗകര്യങ്ങളാണ് ഒന്നിന് പിറകെ ഒന്നായി റെയിൽവേ ഇല്ലാതാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.