മാഹി ബൈപാസ് നിർമാണം: ഓവുചാൽ നിർമാണത്തിലെ അപാകത പരിഹരിക്കാൻ യോഗം ചേർന്നു
text_fieldsവടകര: മാഹി ബൈപാസ് ആരംഭിക്കുന്ന അഴിയൂരിലെ കുഞ്ഞിപ്പള്ളിക്കു സമീപം നിർമിച്ച ഓവുചാൽ നിർമാണത്തിലെ അപാകത പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. ബൈപാസിലേക്ക് പഞ്ചായത്ത് റോഡുകൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പ്രവേശനം പൂർണമായും അടഞ്ഞുകിടക്കുകയാണ്. 8,16,17,18 വാർഡുകളിലെ ദേശീയപാതക്ക് സമീപം താമസിക്കുന്നവരുടെ പ്രശ്നം ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ ശ്രദ്ധയിൽപെടുത്തി.
ദേശീയപാത അതോറിറ്റി എൻജിനീയർ പി. പ്രബീന്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.തുടർന്നാണ് പഞ്ചായത്തിൽ യോഗം ചേർന്നത്. നിലവിലുള്ള വീടുകൾ, സ്ഥാപനങ്ങൾ, പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്ക് പുതുതായി നിർമിച്ച സർവിസ് റോഡിൽനിന്നും പ്രവേശനമാർഗം ഉണ്ടാക്കുന്നതിന് ഓവുചാൽ പൊളിച്ചുതാഴ്ത്തി വഴി ഉണ്ടാക്കാൻ വിശദമായ പ്രപ്പോസൽ വ്യക്തികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി മെംബർമാർ സാക്ഷ്യപ്പെടുത്തി പ്രോജക്ട് ഡയറക്ടർക്ക് പഞ്ചായത്ത് മുഖേന നൽകാൻ തീരുമാനിച്ചു. നിലവിലുള്ള പഞ്ചായത്ത് റോഡിലേക്കും ഇടവഴിയിലേക്കുമുള്ള പ്രവേശനവഴി ഉണ്ടാക്കും.
ബൈപാസിലേക്ക് പ്രവേശനകവാടം അടഞ്ഞതിൽ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ സി.എം. സജീവൻ, സാലിം പുനത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, ഇ.കെ.കെ കമ്പനി പ്രോജക്റ്റ് മാനേജർ, കെ.കെ. അനിൽകുമാർ, ദേശീയപാത എൻജിനീയർ ആർ.എസ്. ജഗന്നാഥൻ, ഇ.കെ.കെ കമ്പനി പ്രതിനിധികളായ കെ. സുകുമാരൻ, അതുൽ എസ്. കുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.