മാഹി ബൈപാസ്; കാരോത്ത് റെയിൽവേ മേൽപാലം പൂർത്തിയായി
text_fieldsവടകര: മാഹി ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ബാക്കിയായ കാരോത്ത് റെയിൽവേ മേൽപാലം പ്രവൃത്തി പൂർത്തിയായി. ഗർഡറുകൾ പൂർണമായും സ്ഥാപിച്ച് മേൽപാലത്തിൽ ടാറിങ് കഴിഞ്ഞു. റെയിൽവേ ലൈനിനു മുകളിൽ മേൽപാലത്തിന്റെ സൈഡ് കോൺക്രീറ്റും പെയിന്റിങ്ങുമാണ് ബാക്കിയുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് പാത ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്.
ബൈപാസ് നിർമാണത്തോടനുബന്ധിച്ച് കാരോത്ത് റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് ബൈപാസിന്റെ ഉദ്ഘാടനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ തുറന്നുകൊടുക്കാൻ സാധ്യതയുണ്ട്. നീലേശ്വരത്ത് നേരത്തേ ഉദ്ഘാടനത്തിനുമുമ്പ് ദേശീയപാത തുറന്നുകൊടുത്തിരുന്നു.
ദേശീയപാത അതോറിറ്റിയാണ് ഉദ്ഘാടനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. കാരോത്ത് റെയിൽവേ മേൽപാലത്തിന് നാലു പതിറ്റാണ്ടു മുമ്പ് റെയിൽവേ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. നാലു വർഷം മുമ്പാണ് ബൈപാസ് നിർമാണത്തോടനുബന്ധിച്ച് പാലത്തിന്റ അനുബന്ധ പ്രവൃത്തികൾക്ക് തുടക്കമായത്. എന്നാൽ, റെയിൽവേയുടെ അധീനതയിലുള്ള ഭാഗം പൂർത്തീകരിക്കുന്നത് അനന്തമായി നീളുകയായിരുന്നു. അഴിയൂർ മേൽപാലത്തിന്റെതടക്കം പ്രധാന പാതയുടെ നിർമാണം നേരത്തേ പൂർത്തിയായിരുന്നു.
മാഹി ടൗണിനെ ഒഴിവാക്കിക്കൊണ്ടുള്ള ബൈപാസ് തുറക്കുന്നതോടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള ഗതാഗതം സുഗമമാവും. നിലവിൽ സംസ്ഥാനത്തേക്ക് വരുന്ന ദീർഘദൂര വാഹനങ്ങൾ മാഹിയിലെ ഇടുങ്ങിയ റോഡുകളിൽ കുരുങ്ങുന്നത് പതിവാണ്. റോഡ് യാഥാർഥ്യമാവുന്നതോടെ കുരുക്കഴിയും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ല അതിർത്തിയായ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.