മാഹി പഴങ്കഥയാവും; അഴിയൂർ-മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിൽ പെട്രോൾ പമ്പുകൾ ഒരുങ്ങുന്നു
text_fieldsവടകര: അഴിയൂർ -മാഹി -മുഴപ്പിലങ്ങാട് ബൈപാസ് യാഥാർഥ്യമായതോടെ പുതുതായി പെട്രോൾ പമ്പുകൾ ഒരുങ്ങുന്നു. ഈസ്റ്റ് പള്ളൂരിലെ സിഗ്നലിൽനിന്നുള്ള സർവിസ് റോഡുകളുടെ ഇരുഭാഗത്തുമായി പുതുതായി ഒമ്പത് പെട്രോൾ പമ്പുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിൽ മൂന്നെണ്ണത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയം, റിലയൻസ്, ജിയോ, ബി.പി തുടങ്ങിയവയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ബാക്കിയുള്ള ആറെണ്ണത്തിനുള്ള അനുമതി വിവിധ ഘട്ടങ്ങളിലായി നടന്ന് വരികയാണ്. മാഹി ദേശീയപാതയിൽ നിലവിൽ നാല് പമ്പുകളാണ് പ്രവൃത്തിക്കുന്നത്.
മാഹി ബൈപാസ് നിലവിൽ വന്നതോടെ വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിന് മാഹിയിലേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ബൈപാസിൽനിന്ന് മാഹിയിലെത്താൻ മൂന്ന് സർവിസ് റോഡുകളുണ്ടെങ്കിലും പരിചയമില്ലാത്തത് വാഹന യാത്രക്കാരെ ഏറെ കുഴക്കുന്നു.
ഇതിനാൽ തന്നെ അഴിയൂരിലെത്തി ചുറ്റിക്കറങ്ങി മാഹിയിലെത്തിയാണ് വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നത്. സർവിസ് റോഡിൽ പെട്രോൾ പമ്പുകൾ തുറക്കുന്നതോടെ ഇന്ധനം നിറക്കാനായി വാഹനങ്ങൾക്ക് മാഹി ദേശീയപാതയിലേക്ക് പോകേണ്ടിവരില്ല. നിലവിൽ മാഹിയിൽ പെട്രോളിന് കേരളത്തെ അപേക്ഷിച്ച് 13.83 രൂപയുടെയും ഡീസലിന് 12.84 രൂപയുടെയും കുറവുണ്ട്. ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അഴിയൂരിൽനിന്ന് മാഹിയിലെത്തി ഡീസൽ നിറച്ച് പോകുന്നുണ്ട്.
മാഹി ബൈപ്പാസ് നിലവിൽ വന്നതോടെ മദ്യ വിൽപനയിലും മാഹിയിൽ ഗണ്യമായ കുറവ് അനുഭവപെടുന്നുണ്ട്. പഴയ ദേശീയപാതയിൽ വാഹനങ്ങൾ കുറഞ്ഞതാണ് മദ്യവിൽപനയിൽ ഇടിവുണ്ടായത്. പെട്രോൾ പമ്പുകൾക്കൊപ്പം മദ്യഷാപ്പുകളും മാഹി ബൈപാസുകൾക്ക് സമീപം സർവിസ് റോഡുകളോട് ചേർന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.