മാഹി റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കുന്നു
text_fieldsവടകര: ലാഭകരമല്ലെന്നുപറഞ്ഞ് മാഹി റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കുന്നു. കൗണ്ടർ നിർത്തലാക്കാനുള്ള പ്രവർത്തനം റെയിൽവേ തുടങ്ങി. അഴിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ യാത്രക്കാർക്കുകൂടി ആശ്രയമാണ്. കൗണ്ടർ നിർത്തലാക്കിക്കഴിഞ്ഞാൽ തൽക്കാൽ ടിക്കറ്റുപോലും ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടും. മാഹി, തലശ്ശേരി, പാനൂർ നഗരസഭകൾ, അഴിയൂർ, ചൊക്ലി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ യാത്രക്കാർ പ്രധാനമായും മാഹി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വടകരയിൽ സ്റ്റോപ്പില്ലാത്ത പല ട്രെയിനുകൾക്കും മാഹിയിൽ സ്റ്റോപ്പുണ്ട്. ഇതുകൊണ്ടുതന്നെ യാത്രക്കാർ കൂടുതലായും മാഹി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
മാഹി റെയിൽവേ സ്റ്റേഷന് വർഷങ്ങളായി നല്ല പരിഗണനയാണ് റെയിൽവേ നൽകി വന്നിരുന്നത്. കോവിഡിനുശേഷം സമീപ സ്റ്റേഷനുകളായ മുക്കാളി, നാദാപുരം റോഡ് എന്നിവിടങ്ങളിൽ നിർത്തുന്ന ട്രെയിനുകൾ പലതും നിർത്തലാക്കിയ സ്ഥിതിയുണ്ടായിരുന്നു. നാലു ട്രെയിനുകൾ നിർത്തിയ മുക്കാളിയിൽ നിലവിൽ ഒരു ട്രെയിൻ മാത്രമാണ് കോവിഡിനുശേഷം നിർത്തുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കണ്ണൂർ - കോയമ്പത്തൂർ ലോക്കൽ ട്രെയിനിന് സ്റ്റോപ് പുന:സ്ഥാപിച്ച് നൽകിയിട്ടില്ല.
മാഹി കൗണ്ടർ പൂട്ടാനുള്ള നടപടിയുടെ ഭാഗമായിട്ടുള്ള അറിയിപ്പ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഇതോടെ പ്രതിഷേധവും ശക്തമായി.
പ്രതിഷേധ ധർണയുമായി വ്യാപാരികൾ
വടകര: മാഹി റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്താനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയും മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്റ്റേഷൻ പരിസരത്ത് പ്രതിഷേധധർണ നടത്തി.
മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി പുതുച്ചേരി ട്രേഡേഴ്സ് ആൻഡ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഷാജു കാനം, കെ.പി. അനൂപ് കുമാർ, ഷാജി പിണക്കാട്ട്, കെ.സി. രഗീഷ്, മഹ്മൂദ് ഫനാർ, ദിനേഷ് പൂവച്ചേരി, കെ. ഉണ്ണി, പായറ്റ അരവിന്ദൻ, വി.ടി. റഹീസ്, അഹ്മദ് സമീർ, സരൂൺ എന്നിവർ സംസാരിച്ചു.
റിസർവേഷൻ കൗണ്ടർ നിർത്താനുള്ള നീക്കം പ്രതിഷേധാർഹം
വടകര: മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും അതിഥി തൊഴിലാളികളുൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാരായ യാത്രക്കാരുടെ ആശാകേന്ദ്രമായ മാഹി റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ എടുത്തുകളയാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി.യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടികളിൽനിന്ന് റെയിൽവേ ബോർഡ് പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് ഷുഹൈബ് കൈതാൽ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. ഹംസ, അബ്ദുൽ ജലീൽ, വി.സി. ഫഹദ്, സുബേർ അത്താണിക്കൽ, എം. അബ്ദുള്ള, മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.