മാഹി റെയിൽവേ സ്റ്റേഷൻ പരിസരം ദുരൂഹ മരണങ്ങളുടെ കേന്ദ്രമാവുന്നു
text_fieldsവടകര: മാഹി റെയിൽവേ സ്റ്റേഷൻ പരിസരം ദുരൂഹ മരണങ്ങളുടെ കേന്ദ്രമാവുന്നു. റെയിൽവേസ്റ്റേഷനിൽ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശി യുവാവിന്റേത് കൊലപാതകം.
തമിഴ്നാട് തഞ്ചാവൂരിനടുത്ത് അരിയരൂർ സ്വദേശി സുധാകരനാണ് (32) കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. നെറ്റിയിലെ മുറിവും തലക്കേറ്റ മുറിവാണ് മരണത്തിനിടയാക്കിയത്.
ഇദ്ദേഹം മാഹി ഭാഗത്തു നിന്നും മറ്റൊരാളുടെ കൂടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നടന്നു പോവുന്ന സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് കൂലിപ്പണിക്കായി ഇദ്ദേഹം കേരളത്തിലെത്തിയത്.
മൃതദേഹത്തിനടുത്തുനിന്ന് കിട്ടിയ ഡയറിയിലെ ഫോൺ നമ്പർ വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. യുവാവിന്റെ മരണത്തിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചയോടെ സ്റ്റേഷൻ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. ഏകദേശം 70 വയസ്സ് തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലാണ്.
മൃതദേഹത്തിന്റെ തലയിൽ മുറിവുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ചോമ്പാല പൊലീസ് സ്റ്റേഷനുമായി അതിർത്തി പങ്കിടുന്ന ഭാഗമാണ് മാഹി റെയിൽവേ സ്റ്റേഷൻ. അന്യ ജില്ലകളിൽ നിന്നടക്കമുള്ള നിരവധി പേരാണ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി മാഹിയിലേക്ക് വരുന്നത്.
ദുരൂഹമരണങ്ങളും അസ്വാഭാവിക മരണങ്ങളും മേഖലയിൽ സ്ഥിരം സംഭവമായി മാറുകയാണ്. ഈ ഭാഗങ്ങളിൽ മാഹി പൊലീസുമായി സഹകരിച്ച് സംയുക്ത പരിശോധന വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.