ബാങ്കിൽനിന്ന് കാണാതായ പണയ സ്വർണം തെളിവെടുപ്പിൽ കണ്ടെടുത്തു
text_fieldsവടകര: വില്യാപ്പള്ളി കനറാബാങ്കിൽനിന്ന് പണയംവെച്ച സ്വർണാഭരണങ്ങൾ കവർച്ചചെയ്ത സംഭവത്തിൽ കാണാതായ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.
സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞ പ്രതി മയ്യന്നൂർ സ്വദേശി കല്ലുപറമ്പത്ത് ശ്രീജിത്തിനെ (47) പൊലീസ് കസ്റ്റഡിയിൽ വാങ്ങിനടത്തിയ തെളിവെടുപ്പിലാണ് തട്ടിയെടുത്ത സ്വർണാഭരണങ്ങൾ പ്രതി പണയംവെച്ച നാല് ബാങ്കുകളിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. കനറാ ബാങ്കിലെ അപ്രൈസറായിരുന്നു ശ്രീജിത്ത്.
2019 മേയിലാണ് ബാങ്കിൽ പണയമുതലായി വെച്ച സ്വർണാഭരണങ്ങളിൽ 52 പവൻ കളവുപോയത്. കളവുചെയ്ത സ്വർണാഭരണങ്ങൾക്ക് തുല്യമായി മുക്കുപണ്ടം തിരികെ കനറാ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. ഈ സ്വർണാഭരണങ്ങൾ വടകര സഹകരണ റൂറൽ ബാങ്കിെൻറ മയ്യന്നൂർ, നാരായണ നഗരം ശാഖയിലും ഏറാമല സർവിസ് സഹകരണ ബാങ്കിെൻറ കാർത്തികപ്പള്ളി ശാഖയിലും വില്യാപ്പള്ളി സർവിസ് സഹകരണ ബാങ്കിെൻറ സായാഹ്ന ശാഖയിലുമായാണ് പ്രതി പണയംവെച്ചത്.
പണയംവെച്ചവർ സ്വർണം തിരികെയെടുക്കാൻ വന്നതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
മുക്കുപണ്ടം വാങ്ങിയ വടകര കോർട്ട് റോഡിലെ സൂപ്പർ ജ്വല്ലറിയിലും പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. രണ്ടു ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.
ഇനിയും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതിനാൽ അടുത്ത ദിവസം തന്നെ വീണ്ടും കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ശനിയാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐ എം. നിജീഷ്, സി.പി.ഒമാരായ വി.കെ. ജിത്തു, പി.ടി. സജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.