കോഴിക്കോട്: റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയുടെ കറക്കം; വിവാദം
text_fieldsവടകര: ജില്ല പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിൽ ഭാര്യ കറങ്ങുന്നത് വിവാദമാവുന്നു. ഔദ്യോഗിക വാഹനവുമായുള്ള ഭാര്യയുടെ കറക്കം മീഡിയവൺ ചാനലാണ് പുറത്തുവിട്ടത്.
ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ രാവിലെയും വൈകീട്ടും ഔദ്യോഗിക വാഹനത്തിൽ ബീച്ചിൽ കറങ്ങുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാനൽ സംഘം പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി വാർത്ത പുറത്തുവിടുകയായിരുന്നു. വടകര റൂറൽ എസ്.പി അർവിന്ദ് സുകുമാറിന്റെ ഔദ്യോഗിക വാഹനം സ്ഥിരമായി രാവിലെ ക്യാമ്പ് ഓഫിസിൽനിന്ന് കൊളാവി ബീച്ചിലേക്കും മറ്റുമാണ് പോകുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് ഒന്നിലധികം വാഹനങ്ങൾ കൈവശംവെക്കാം. നിശ്ചിത തുക അടച്ചാൽ സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുകയും ചെയ്യാം. ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഉത്തരവിന്റെ മറവിലാണ് ബന്ധുക്കൾ വാഹനം ഉപയോഗിക്കുന്നത്. ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഉപയോഗിക്കാൻ അനുമതിയില്ലെന്നാണ് ചട്ടം. ഉന്നത ഉദ്യോഗസ്ഥരുടെ നഗ്നമായ ചട്ടലംഘനത്തിന് പലപ്പോഴും നടപടികളുണ്ടാവാത്തത് കുറ്റങ്ങൾ ആവർത്തിക്കാനിടയാക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം യാത്രകൾക്കു മുന്നിൽ പലപ്പോഴും കീഴ് ഉദ്യോഗസ്ഥർ മൗനംപാലിക്കേണ്ട അവസ്ഥയാണ്. സംഭവം പൊലീസിൽ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.